
കണ്ണൂർ : സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നും പി.കെ ശ്രീമതിയെ ഒഴിവാക്കിയത് സാങ്കേതിക നടപടി മാത്രമെന്ന വിശദീകരണവുമായി പാർട്ടി നേതൃത്വം. കഴിഞ്ഞ 25 ന് നടന്ന പ്രഥമ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നും പി.കെ ശ്രീമതിയെ മുഖ്യമന്ത്രി വിലക്കിയതായി ഒരു പ്രമുഖ ദൃശ്യം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് പാർട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്.
സംഭവം അടിസ്ഥാനരഹിതമാണെന്ന് പി.കെ ശ്രീമതി തൻ്റെ ഫെയ്സ്ബുക്ക് പേജിലുടെ തള്ളിക്കളഞ്ഞുവെങ്കിലും പുറത്തുവന്ന വാർത്തയെ സാധൂകരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാകിയത്.
ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ല. എകെ ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗത്തിന് പങ്കെടുക്കാമെന്ന കീഴ് വഴക്കം മറികടക്കുകയാണ് സി.പി.എം നേതൃത്വം.