+

വാഷിംഗ്ടനിലെ വിമാനാപകടം ; അസ്വാഭാവികതയുണ്ടെന്ന് സമ്മതിച്ച് ട്രംപ്

200 അടിക്ക് മുകളില്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നതാണ് യാത്രാവിമാനത്തില്‍ ഇടിക്കാന്‍ കാരണമായത്.

വാഷിംഗ്ടനില്‍ ഉണ്ടായ വിമാനാപകടത്തില്‍ സങ്കീര്‍ണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക് കാരണം. 200 അടിക്ക് മുകളില്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നതാണ് യാത്രാവിമാനത്തില്‍ ഇടിക്കാന്‍ കാരണമായത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് വിലയിരുത്തല്‍. 

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിലെ പ്രതികരണവും അപകടത്തിന്റെ സങ്കീര്‍ണത ശരിവയ്ക്കുന്നതാണ്. ഹെലികോപ്റ്റര്‍ നിശ്ചിത പരിധിക്കും മുകളിലായിരുന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് പ്രസിഡന്റ് ട്രംപ് നടത്തിയത്. എന്നാല്‍ സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വാഷിംഗ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗല്‍ എയര്‍പോര്‍ട്ടിന് സമീപത്തെ പൊട്ടൊമാക് നദിയ്ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ പരിശീലനം നിത്യേന നടക്കുന്നതാണ്. പിന്നെയെന്തുകൊണ്ടാണ് നിശ്ചിത പരിധിക്ക് പുറത്തേക്ക് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. അപകടത്തിന്റെ കാരണമടക്കം കണ്ടുപിടിക്കാനുള്ള ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും ബ്ലാക്ക് ബോക്‌സുകള്‍ നദിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമാകും ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളിലെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി പറയുന്നത്.

facebook twitter