+

പ്ലാസ്റ്റിക് കുപ്പി വേണ്ടാ; സർക്കാരിന്റെ വാട്ടർ എടിഎം വരുന്നു

തിരക്കേറിയ സ്ഥലങ്ങളിൽ വാട്ടർ എടിഎമ്മുകൾ സജ്ജീകരിക്കാൻ സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം

തൊടുപുഴ: തിരക്കേറിയ സ്ഥലങ്ങളിൽ വാട്ടർ എടിഎമ്മുകൾ സജ്ജീകരിക്കാൻ സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം. കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ ചെലവിൽ വെള്ളം കിട്ടും. ക്യു ആർ കോഡ് സ്‌കാൻചെയ്ത് പണം അടച്ചാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ കഴിയുന്ന യന്ത്രസംവിധാനമാണ് ഒരുക്കുന്നത്. വെള്ളം ശേഖരിക്കാനുള്ള പാത്രം ഉപഭോക്താക്കൾ കൊണ്ടുവരണം.

ആദ്യഘട്ടത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും വാട്ടർ എടിഎം സ്ഥാപിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കുള്ള പഠനം പൂർത്തിയായി. ജനങ്ങൾക്കും കമ്പനിക്കും ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എടിഎം നിർമിക്കുന്നതിനുള്ള ചർച്ച നടക്കുന്നു. ഉടനെ ടെൻഡർ വിളിക്കും. മൂന്ന് മാസത്തിനുള്ളിൽ ആദ്യ എടിഎം പ്രവർത്തനസജ്ജമാക്കും. കമ്പനിയുടെ തൊടുപുഴ മലങ്കര, തിരുവനന്തപുരം അരുവിക്കര എന്നീ പ്ലാന്റുകളിലെ ശുദ്ധജലമാണ് എടിഎമ്മുകളിൽ നിറയ്ക്കുക. പ്ലാന്റുകളിൽനിന്ന് വലിയ ജാറുകളിൽ വെള്ളം അതാത് കേന്ദ്രങ്ങളിൽ എത്തിക്കും. ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണം അടയ്ക്കുമ്പോൾ ഓട്ടോമാറ്റിക്കായി മെഷീനിൽനിന്ന് വെള്ളം കിട്ടും.

എടിഎമ്മുകൾ പരിപാലിക്കുന്നതിന് ഡീലർമാരേയും നിയോഗിക്കും. വിനോദസഞ്ചാരമേഖലകളിലും മറ്റും ആളുകൾ വെള്ളം കുടിച്ചിട്ട് കുപ്പികൾ അലക്ഷ്യമായി ഇടും. വാട്ടർ എടിഎം സ്ഥാപിക്കുന്നതോടെ ഇത് കുറയും. ഹില്ലി അക്വ, ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയേ ഉള്ളൂ. സപ്ലൈകോ, റേഷൻകട, ജയിൽ ഔട്ട്‌ലെറ്റുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ലിറ്ററിന് 10 രൂപ നൽകിയാൽ മതി.

facebook twitter