
‘മഷ്‌റൂം മെർഡർ’ കേസിൽ പ്രതിയായ സ്ത്രീ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തൽ. എറിൻ പാറ്റേഴ്സൺ ആണ് കുറ്റവാളിയായി കോടതി കണ്ടെത്തിയത്. ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആണ് കോടതിയുടെ കണ്ടെത്തൽ.
2023 ജൂലൈ 29-ന് ആണ് വിക്ടോറിയയിൽ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്. ഭർതൃമാതാവ് ഗെയിൽ പാറ്റേഴ്സൺ, ഭർതൃപിതാവ് ഡോൺ പാറ്റേഴ്സൺ, ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
2023-നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റാണ് പാറ്റേഴ്സൺ കുടുബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ചത്. ഇവർക്കൊപ്പം അവശനിലയിൽ ലാൻ വിൽക്കിൻസൺ എന്ന ബന്ധുവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത സംശയിക്കപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാറ്റേഴ്സൺ കുടുംബത്തിലെ മരുമകളായ എറിൻ പാറ്റേഴ്സണിലേയ്ക്ക് ആണ് സംശയം നീണ്ടത്.
മൃതദേഹ പരിശോധനയിൽ ശരീരത്തിൽ അമിത അളവിൽ അമാടോക്സിൻ എന്ന വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ചികിത്സയിലായിരുന്ന ലാൻ വിൽക്കിൻസണിൽ നടത്തിയ ആന്തരിക പരിശോധനയിലും സമാനമായ വിഷാംശം കണ്ടെത്തിയതാണ് ഭക്ഷണത്തിലേക്ക് അന്വേഷണം കൊണ്ടുചെന്നെത്തിച്ചത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നേ എല്ലാവരും കഴിച്ച ആഹാരത്തിൽ മാരകവിഷാംശമുള്ള അമാനിറ്റാ വിഭാഗത്തിൽപെട്ട കൂൺ ഉൾപെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.