‘സ്വന്തം പാർട്ടിക്കാരൻ എതിരാളികളെ കൊല്ലാൻ ബോംബ് ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ പൊലീസ് കൂട്ടുനിൽക്കുന്നു’ ; വി.ഡി. സതീശൻ

07:04 PM Dec 17, 2025 | Neha Nair

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാട്ടിൽ സ്വന്തം പാർട്ടിക്കാരൻ എതിരാളികളെ കൊല്ലാൻ ബോംബ് ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പടക്കമാണെന്ന് വരുത്തി തീർത്ത് പൊലീസിനെ പരിഹാസ്യമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാത്ത് ഉടനീളെ വ്യാപക അതിക്രമമാണ് സി.പി.എം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പലയിടത്തും പൊലീസ് നോക്കി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. എന്നിട്ട് പൊലീസ് പറയുന്നത്, പടക്കം പൊട്ടിത്തെറിച്ചെന്നാണ്.

പൊലീസ് ഇങ്ങനെ അപഹാസ്യമാകരുത്. മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാരൻ എതിരാളികളെ കൊല്ലാൻ ബോംബ് നിർമ്മിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുകയാണ്. നിങ്ങൾ ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ നിങ്ങളുടെ ഗ്രാമത്തിൽ, കൈബോംബ് ഉണ്ടാക്കി എതിരാളികളെ കൊല്ലാൻ കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല. എന്നിട്ടാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് ബേംബല്ല, പടക്കമാണെന്ന് വരുത്തി തീർത്ത് പൊലീസിനെ പരിഹാസ്യമാക്കുന്നത്. ഇത് അവസാനിപ്പിക്കണം.

ആയുധം താഴെ വച്ചേ മതിയാകൂ. ഈ ക്രിമിനലുകളെ പൊലീസിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. ബോംബ് ഉണ്ടാക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പരസ്യമായാണ് വടിവാളുകളുമായി ആളുകളെ ആക്രമിക്കുന്നതും വെല്ലുവിളിക്കുന്നതും. ഈ അക്രമികൾ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ തകർക്കുകയാണ്. എത്ര ഹീനമായാണ് സി.പി.എം തിരഞ്ഞെടുപ്പ് തോൽവിയിലുള്ള പ്രതികാരം ചെയ്യുന്നത്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകും. ഞങ്ങളുടെ പ്രവർത്തകരെ ഈ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ല. അവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ക്രിമിനലുകൾക്കെതിരെ സർക്കാർ നടപടി എടുക്കണം. അവരോട് ആയുധം താഴെ വയ്ക്കാൻ പറയണം. ഇല്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകും.

കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് വെല്ലുവിളിക്കുന്നത്. അദ്ദേഹം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകൾ കോടതിൽ ഹാജരാക്കും. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണ്? കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോൾ അതിന് മറുപടി നൽകിയത്. രണ്ട് കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസ് കൊടുത്തപ്പോൾ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞത്? ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റെന്ന് കോടതിയാണ് പറഞ്ഞത്.

അപ്പോൾ ആർക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒർജിനൽ ദ്വാരപാലക ശിൽപം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആർക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. സി.പി.എം നിയോഗിച്ച ആളുകൾ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്ക് വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിക്കൊള്ളാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.