+

'വിവസ്ത്രയാക്കി, മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; മോഷണക്കുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരത

മോഷണകുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി. നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പേരൂർക്കട പൊലീസിന് എതിരെ  പരാതി ഉന്നയിച്ചിരിക്കുന്നത്.ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു.

തിരുവനന്തപുരം: മോഷണകുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി. നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പേരൂർക്കട പൊലീസിന് എതിരെ  പരാതി ഉന്നയിച്ചിരിക്കുന്നത്.ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു.

ഭയങ്കര ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. 'മാലയെവിടെടീ എന്ന് ചോദിച്ച് ഭയങ്കരമായി ചീത്ത പറഞ്ഞു. വിവസ്ത്രയാക്കി പരിശോധന നടത്തി. അടിക്കാനും വന്നു. മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും എന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് എന്നോട് പറയുന്നില്ല.

തനിക്ക് സഹിക്കാൻ പറ്റാത്ത അപമാനമാണ് ഉണ്ടായതെന്ന് ബിന്ദു പറഞ്ഞു. എല്ലാ പൊലീസുകാരും തന്നെ കള്ളിയാക്കാനാണ് ശ്രമിച്ചത്. ഈ പൊലീസുകാരെ വിടരുതെന്നും തനിക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാതെയായെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഏജൻസി വഴിയാണ് ബിന്ദുവിന് ജോലി ലഭിച്ചിരുന്നത്. ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുന്നുവെന്നും ബിന്ദു പറഞ്ഞു.

facebook twitter