കൊച്ചി ; പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കി എത്തിയ ഭാര്യയ്ക്ക് പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനം. 2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് പൊലീസ് കൈമാറിയത്.
കഴിഞ്ഞ വർഷം ജൂൺ 20നാണ് സംഭവമുണ്ടായത്. മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു യുവാവിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദിച്ചത്.
യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലും അക്രമം നടത്തിയത്. യുവതിയെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്നു കൂടുതൽ അക്രമത്തിനു മുതിർന്ന എസ്എച്ച്ഒയെ മറ്റ് ഉദ്യോഗസ്ഥർ പിടിച്ചുനിർത്തുകയായിരുന്നു.
ഗര്‍ഭിണിക്ക് നേരെയുള്ള സിഐയുടെ അതിക്രമം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിതീ നടപ്പിലാക്കേണ്ട പൊലീസ് ക്രൂരത കാണിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് മനഃസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി സംരക്ഷണം ലഭിക്കുന്നുണ്ട്.
സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെ ക്രൂരമായി മര്‍ദിക്കുകയാണ്. നീതി ബോധമില്ലാത്ത പൊലീസുകാരെ മാറ്റുന്നത് രാഷ്ട്രീയ സംരക്ഷണം തന്നെയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. വിവാദമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾക്കായി ഒരു വർഷത്തോളം യുവതിക്ക് പോരാടേണ്ടി വന്നു. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. തുടർന്നു കോടതിയെ സമീപിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.