സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളെ പൂട്ടാനൊരുങ്ങി പോലീസ്

12:10 PM Aug 06, 2025 |


കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളെ പൂട്ടാനൊരുങ്ങി പോലീസ്. നേരത്തേ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റാണു തയാറാക്കുന്നത്. കുപ്രസിദ്ധ ഗുണ്ടകളില്‍ ആദ്യത്തെ പത്തുപേരുടെ സമ്ബൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണു ഡിജിപി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

പോലീസ്, അഭിഭാഷകര്‍, രാഷ്‌ട്രീയനേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണു തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും.ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണു രഹസ്യാന്വേഷണവിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്‍റെ സഹകരണവും തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള കാര്യം നേരത്തേ കണ്ടെത്തിയിരുന്നു.

ഗുണ്ടകളുടെ വ്യക്തിപരമായതും കുടുംബങ്ങളുടെയും വിവരങ്ങള്‍, വിദ്യാഭ്യാസം, ജോലി, വരുമാനമാര്‍ഗം, കുറ്റകൃത്യങ്ങളിലെ പങ്കാളികള്‍ തുടങ്ങി 50ഓളം വിവരങ്ങളാണു ശേഖരിക്കുന്നത്. പേരും ഫോട്ടോയും മുതല്‍ രക്തഗ്രൂപ്പും ജനന തീയതിയും മൊബൈല്‍ നമ്ബറും വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും.

കുറ്റകൃത്യം നടത്തി വിദേശത്തേക്കു കടക്കുന്നത് തടയുന്നതിനായി ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍നമ്ബര്‍, ബാങ്ക് അക്കൗണ്ട് നമ്ബര്‍, എടിഎം കാര്‍ഡ് നമ്ബര്‍ എന്നിവയുടെ നമ്ബറുകളും ശേഖരിക്കും.ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗുണ്ടകളാണെങ്കില്‍ അക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കും.