+

മാർച്ചിന് തൊട്ടുമുൻപ് പൊലീസിൽ നിന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചതാര് ? ; പൊലീസുകാരനെ കണ്ടെത്താൻ ആഭ്യന്തര വകുപ്പ് അന്വേഷണം

തൃശ്ശൂരിൽ ബിജെപി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ മുൻനിർത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂർ : തൃശ്ശൂരിൽ ബിജെപി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ മുൻനിർത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. മാർച്ചിൽ ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാൻ നല്ല ഒന്നാം തരം മോദി ഫാൻ ആയ പൊലീസുകാർ ഇവിടെയുണ്ടെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. മാർച്ച് നടക്കുന്നതിന് തൊട്ടുമുൻപായി പൊലീസിൽ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.

സംസ്ഥാന പൊലീസിൽ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാൻസാണ്. ഈ 60 ശതമാനം ആളുകൾ ബിജെപി അനുഭാവികളുമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. പിണറായി വിജയനെ കാണുമ്പോൾ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കുമെന്നും അന്ന് തന്നെ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം ബിജെപി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിനിടെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പൊലീസിലെ ആരോ ബോധപൂർവ്വം ജസ്റ്റിനെ ആക്രമിക്കുകയാണെന്ന ആരോപണം ബിജെപി ഉയർത്തുന്നു. ഇത് ആരെന്ന് ബിജെപിയും അന്വേഷിക്കുന്നുണ്ട്.

facebook twitter