കൊല്ലത്ത് മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാർക്ക് സസ്പെൻഷൻ

07:38 PM Apr 10, 2025 | AVANI MV

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാർക്ക് സസ്പെൻഷൻ.  നേരത്തെ മദ്യലഹരിയിലുള്ള പൊലീസുകാരെ നാട്ടുകാർ തടയുന്നതും, പൊലീസുകാർ ഇവരെ ജീപ്പുകൊണ്ട് തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നിരുന്നു.ഏപ്രിൽ നാലാം തീയതി രാത്രിയാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവം നടക്കുന്നത്.

പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവർക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ റൂറൽ എസ്പി സാമു മാത്യുവാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
 രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച ഇവരെ നാട്ടുകാർ കൈയ്യോടെ പൊക്കുകയായിരുന്നു. പത്തനാപുരത്ത് രാത്രി പട്രോളിംഗ് വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലാണെന്ന് കണ്ടെത്തി നാട്ടുകാർ വാഹനം തടഞ്ഞു. എന്നാൽ പൊലീസ് ജീപ്പിന് മുന്നിൽ നിന്ന യുവാക്കളെ വാഹനം കൊണ്ട് തള്ളി മാറ്റിയ ശേഷം പൊലീസുകാർ വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പൊലീസ് വകുപ്പതല അന്വേഷണം പ്രഖ്യാപിക്കുകയും പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഈ റിപ്പോർട്ട് ഡിവൈഎസ്പി ഡിഐജിക്ക് കൈമാറും.