ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയുടെ കലവറയായ മാതള നാരങ്ങ കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന് കണ്ടന്റ് ക്രിയേറ്റർ റാച്ന മോഹൻ പറഞ്ഞു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, അണുബാധ എന്നിവ അകറ്റി നിർത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നു. നാരുകൾ കൂടുതലായതിനാൽ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നുവെന്ന് മോഹൻ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ ഒരു ബൗൾ മാതള നാരങ്ങ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം. ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് പ്യൂണിക്കലാജിനുകൾ, ആന്തോസയാനിനുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന മാതളനാരങ്ങ ശരീരത്തെ ഫ്രീ റാഡിക്കൽ നാശനഷ്ടങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നുവെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ ഡോ. രംഗ സന്തോഷ് കുമാർ പറഞ്ഞു.
അവയിലെ പോളിഫെനോളുകൾ ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുകയും വീക്കം കുറയ്ക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മാതളനാരങ്ങ ജ്യൂസിന് രക്തയോട്ടം മെച്ചപ്പെടുത്താനും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാനും കഴിയുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രോഹിണി പാട്ടീൽ പറഞ്ഞു.
കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിലൂടെയും, രക്തസമ്മർദം കുറയ്ക്കുന്നതിലൂടെയും, ധമനികളിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നുവെന്ന് ഡോ.കുമാർ പറഞ്ഞു. രാവിലെ ഒരു പാത്രം മാതളനാരങ്ങ കഴിക്കാം. ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും, മലബന്ധം തടയാൻ സഹായിക്കുമെന്ന് ഡോ.കുമാർ വ്യക്തമാക്കി.