
തിരുവനന്തപുരം: യുദ്ധങ്ങളിൽനിന്ന് മനുഷ്യരാശിയെ വിമോചിപ്പിക്കണമെന്ന് ആഗ്രഹിച്ച വലിയ ഇടയനായിരുന്നു കാലം ചെയ്ത ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
റഷ്യ- ഉക്രെയ്ൻ യുദ്ധവും ഇസ്രയേൽ പലസ്തീൻ യുദ്ധവും കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് യുദ്ധങ്ങൾക്കും മനുഷ്യ ഹത്യകൾക്കും എതിരെ അതിശക്തമായ നിലപാടുമായി സമാധാനത്തിന്റെ സന്ദേശം മുന്നോട്ടുവച്ച മാർപാപ്പ തൻ്റെ നിലപാടുകളിൽ മനുഷ്യ നന്മകൾക്ക് ഒപ്പം നിന്നു.
ലാറ്റിനമേരിക്കയിൽ നിന്നും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ പോപ്പ് ആയ ഫ്രാൻസിസ് മാർപാപ്പ 88-ാം വയസിലാണ് ഇഹലോക വാസം വെടിഞ്ഞത്.
ബെനഡിക്ട് മാർപാപ്പയ്ക്ക് ശേഷം 2013ൽ പോപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്നുള്ള കർദിനാൾ ആയിരുന്നു. സഭയിൽ ഏറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇന്ത്യയോട്, പ്രത്യേകിച്ച് മലയാളികളോട് ഏറെ സ്നേഹബന്ധം അദ്ദേഹം പുലർത്തി.അദ്ദേഹത്തിന്റെ വിടവാങ്ങൽ ലോക സമാധാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള നഷ്ടം കൂടിയാണ്.ആ മഹാനായ വലിയ ഇടയന് എന്റെ ആദരാഞ്ജലികൾ - ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.