ആലപ്പുഴ : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനവുമായി കെ.സി.വേണുഗോപാൽ എം പി. ഇന്നലെ ഉയിർപ്പ് ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തടിച്ചുകൂടിയ വിശ്വാസികളുടെ കാതുകളിലേക്ക് യുദ്ധവെറിക്കെതിരെ വിശ്വമാനവികതയുടെ സന്ദേശം നൽകുമ്പോൾ ഏറെ പ്രതീക്ഷിച്ചിരുന്നു, ഇനിയും ഈ ലോകത്തിന് വഴികാട്ടാൻ അങ്ങുണ്ടാകുമെന്ന്. ഒടുവിൽ ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി മടങ്ങിപ്പോകുന്നത്, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം കൂടിയാണ്.
ഭീകരതയ്ക്കും യുദ്ധങ്ങൾക്കുമെതിരെ നിലപാടെടുത്തും അഭയാർത്ഥികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊണ്ടും ഈ ലോകത്തിന് നേർവഴി കാണിച്ചുനൽകിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കിനിൽക്കും. ഹൃദയം മുറിക്കുന്ന വാളാകാൻ മാത്രമല്ല, മുറിവുണക്കുന്ന മരുന്നാകാനും വാക്കുകൾക്ക് കഴിയുമെന്ന സന്ദേശം അവസാന നിമിഷങ്ങളിൽപ്പോലും പകർന്നുനൽകിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മടക്കയാത്ര. ലോകം പഠിക്കട്ടെ, അങ്ങെനെ ദൈവാംശത്തിൽ നിന്നെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.