റോം : ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമെന്ന് വത്തിക്കാൻ. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലിയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാർത്ത കുറിപ്പിലാണ് പ്രതികരണം. ഹെർസോഗ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പറോളിൻ, വിദേശകാര്യ മന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരെയും കണ്ടിരുന്നു.
മുൻ മാർപാപ്പ പോപ് ഫ്രാൻസിസിന്റെ മാതൃകയിൽ ഇസ്രായേൽ അതിക്രമങ്ങളെ വിമർശിക്കുന്ന നിലപാടാണ് പുതിയ മാർപാപ്പയും സ്വീകരിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും പട്ടിണി ആയുധമാക്കുന്നതും അധാർമികമാണെന്നും അവർ നിർത്തുന്നില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാർപാപ്പ പറഞ്ഞത് ഇസ്രായേൽ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.