വീശിയടിക്കേണ്ട ഏതു റെസ്റ്റാറന്റിൽ ചെന്നാലും പൊറോട്ട തന്നെയാണ് താരം. ഏതു കറിയോടൊപ്പവും കഴിക്കാം എന്നതാണ് പൊറോട്ടയുടെ പ്രത്യേകത. ലെയറോടു കൂടിയ നല്ല പതു പതുത്ത പൊറോട്ട കിട്ടിയാൽ ആർക്കാണ് ഇഷ്ടമാവാത്തത്. പൊറോട്ടയോടു മലയാളിക്കുള്ള ഇഷ്ടം കാരണം പല പേരുകളിൽ വ്യത്യസ്തമായ പൊറോട്ടകൾ ഇന്ന് ലഭ്യമാണ്.
കേരള പൊറോട്ട, കോയിൻ പൊറോട്ട, ലച്ച പൊറോട്ട, ആലു പൊറോട്ട അങ്ങനെ പൊറോട്ടകൾ പലവിധം. ഇത് കഴിക്കാൻ നമുക്ക് ഇഷ്ടമാണെങ്കിലും അതുണ്ടാക്കുമ്പോഴുള്ള വീശിയടിയെല്ലാം കാണുമ്പോൾ വീട്ടിൽ ഉണ്ടാക്കാൻ ആരും മെനക്കെടാറില്ല. എന്നാൽ, വീശിയടിക്കാതെയും നമുക്ക് പൊറോട്ട വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞാലോ?
ചേരുവകൾ
മൈദാ - അര കിലോ
വെള്ളം -ഒരു കപ്പ്
വെജിറ്റബിൾ നെയ്യ്/സൺഫ്ലവർ ഓയിൽ- മൂന്ന് ടേബ്ൾ സ്പൂൺ
മുട്ട - ഒരെണ്ണം
പഞ്ചസാര -രണ്ട് ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മൈദയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക. മൈദയുടെ നടുവിൽ ഒരു കുഴി ആക്കി അതിലേക്ക് വെള്ളം ഒഴികെ എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ചു കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്തു കഴിഞ്ഞാൽ മൂന്ന് മണിക്കൂർ എങ്കിലും അടച്ചു വെക്കുക. ശേഷം മാവ് പുറത്തേക്കെടുത്തു വീണ്ടും കുറച്ചു പൊടി തൂകി കൊടുത്തു ഇടയ്ക്കു ഓയിലും തേച്ചു നന്നായി കുഴച്ചെടുക്കുക.
ശേഷം മാവ് ഒരേ അളവിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ ഓരോന്നും ബോൾ രൂപത്തിൽ ആക്കി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതിനു മുകളിൽ കുറച്ചു എണ്ണ ഒഴിച്ച് കൊടുത്തു ഒരു മണിക്കൂർ മാറ്റി വെക്കുക. ശേഷം ഓരോ ബോളും എടുത്തു കട്ടി ഇല്ലാതെ നന്നായി പരത്തിയെടുത്ത് കത്തി കൊണ്ട് നീളത്തിൽ മുറിച്ചെടുക്കുക.
കയ്യിൽ കുറച്ചു എണ്ണ തടവി മുറിച്ചെടുത്ത കഷണങ്ങൾ എല്ലാം കൂടെ മടക്കി യോജിപ്പിച്ചു ചുരുട്ടി എടുക്കുക. ഒരു പൂവിന്റെ ആകൃതിയിൽ കിട്ടും. ശേഷം കൈ കൊണ്ട് തന്നെ പരത്തി എടുത്തു നല്ല ചൂടുള്ള തവയിൽ ചുട്ടെടുക്കുക. നല്ല ലെയറോടു കൂടിയുള്ള സോഫ്റ്റ് പൊറോട്ട റെഡി., ഇനി പൊറോട്ട ഇങനെ ഉണ്ടാക്കി നോക്കൂ