ന്യൂഡൽഹി: റോഹിങ്ക്യൻ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ ഭാഷയിൽ സുപ്രീംകോടതിയും സംസാരിക്കുന്നത് ഖേദകരമെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 43 റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യ മ്യാന്മറിന് സമീപം കടലിൽ ഇറക്കിവിട്ടതായുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണ്.
പൗരരല്ലാത്തവർക്കും ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്നുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പൗരാവകാശ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) സംഘടിപ്പിച്ച സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങളും ഭരണഘടനയും വകവെക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മ്യാന്മറിൽ വംശഹത്യ നേരിടുന്ന റോഹിങ്ക്യകളെ ഐക്യരാഷ്ട്രസഭ അഭയാർഥികളായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ അതംഗീകരിച്ചിട്ടില്ലെന്ന പേരിലാണ് കേന്ദ്രസർക്കാർ അവരോട് വിവേചന നിലപാട് സ്വീകരിക്കുന്നത്. അഭയാർഥി കരാറിൽ ഒപ്പുവെച്ചോ എന്നത് പ്രസക്തമല്ല.