രാഷ്ട്രപതിയുടെ രണ്ടാംദിന കേരളാ സന്ദർശനം തുടരുന്നു ; കോട്ടയത്തും ശിവഗിരിയിലും കർശന സുരക്ഷ

08:50 AM Oct 23, 2025 |


കോട്ടയം : രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ രണ്ടാംദിന സന്ദർശനം തുടരുന്നു. കോട്ടയത്തെയും ശിവഗിരിയിലെയും പരിപാടികളിൽ ഇന്ന് പങ്കെടുത്തും. രാജ്​ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പാലാ സെൻറ്​ തോമസ്​ കോളജ്​ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പ​ങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച രാവിലെ 10.30ന് രാജ്​ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്നാണ്​​ 11.55ന് വർക്കലയി​ലേക്ക്​ പുറപ്പെടുക. ഉച്ചക്ക് 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

ശിവഗിരി മഠത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്തു നിന്ന്​ വൈകീട്ട്​ 3.50ന്​ പാലാ സെൻറ്​ തോമസ്​ കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.

തുടർന്ന്​ കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന്​ ഹെലികോപ്​ടറിൽ കോട്ടയം പൊലീസ്​ പരേഡ്​ ഗ്രൗണ്ടിൽ എത്തും. 6.20ന് റോഡ്​മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും. കുമരകം താജ്​ഹോട്ടലിൽ അത്താഴം കഴിച്ച്​ വിശ്രമിക്കുന്ന രാഷ്ട്രപതി 24ന്​ രാവിലെ 11ന്​ റോഡ്​മാർഗം കോട്ടയത്തെത്തി അവിടെ നിന്ന്​ കൊച്ചിയിലേക്ക്​ ഹെലികോപ്ടറിൽ മടങ്ങും.

വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങിൽ സംബന്ധിക്കും. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
ശിവഗിരിൽ കർശന സുരക്ഷ

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ കർശന സുരക്ഷ ഏർപ്പെടുത്തി. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു സമാധി ശതാബ്ദി സമ്മേളനത്തിൽ സംബന്ധിക്കുന്നവർ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. രാവിലെ 10 മുതൽ സമ്മേളന ഹാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

വലിയ ബാഗ്, കുപ്പിവെള്ളം എന്നിവ കൈവശം വെക്കാൻ അനുവദിക്കില്ല. ഓഡിറ്റോറിയത്തിൽ പ്രവേശിച്ചവർക്ക് സമ്മേളനം കഴിയുന്നതുവരെ പുറത്തുപോകാൻ അനുമതി ഉണ്ടാവില്ല. ശിവഗിരി സ്കൂൾ, ശിവഗിരി സെൻട്രൽ സ്കൂൾ, നഴ്സിങ് കോളജ് എന്നിവിടങ്ങളിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കി. മറ്റൊരിടത്തും പാർക്കിങ് അനുവദിക്കില്ല.