ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയും; മന്ത്രി ജി ആര്‍ അനില്‍

06:44 AM Jul 26, 2025 |


ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഉല്‍പാദന കേന്ദ്രത്തില്‍ വിലകുറക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കിറ്റില്‍ കൂടുതല്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രഗവണ്‍മെന്റിന് അത്തരത്തിലൊരു തീരുമാനമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്താണെന്നുളളത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ 99% തോളം മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി ആളുകളുടെ നിലപാട് എന്താണെന്ന് സംബന്ധിച്ച് വിവരം കിട്ടിയാല്‍ അതിന് അനുസരിച്ചുളള തീരുമാനം കൈക്കൊള്ളും. വടക്കന്‍ കേരളത്തില്‍ മട്ട അരിക്ക് പകരം പുഴുക്കലരി നല്‍കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ ചില്ലറ വില്‍പന ലിറ്ററിന് 450 രൂപ വരെ ഉയര്‍ന്നിരുന്നു. കൊപ്ര ക്ഷാമം രൂക്ഷമാണെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു. ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്നും കേരഫെഡ് പറഞ്ഞിരുന്നു.