കോണ്‍ഗ്രസ് ഇറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോ വിവാദത്തില്‍

07:53 AM Sep 13, 2025 | Suchithra Sivadas

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോ വിവാദത്തില്‍. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാര്‍ കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്. മോദിയുടെ അമ്മയെ വീണ്ടും കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ ഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

'സാഹെബിന്റെ സ്വപ്നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക' എന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരിക്കുന്നു. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

Trending :