
കൊച്ചി: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹം കഴിക്കുന്നതിന് 15 ദിവസം അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി. തൃശ്ശൂർ സ്വദേശി പ്രശാന്തിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്.
കൊലപാതക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടും വിവാഹം കഴിക്കാൻ സന്നദ്ധയായ യുവതിയുടെ പ്രണയം മാത്രം കണക്കിലെടുത്താണ് പ്രതിക്ക് പരോൾ അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. ‘പ്രണയം യാതൊരു തടസ്സങ്ങളും അംഗീകരിക്കില്ല’ എന്ന അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ വാക്യങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തി.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്കുവേണ്ടി മാതാവാണ് ഹർജി നൽകിയത്. ജൂലായ് 13-നാണ് വിവാഹം. ജയിൽ അധികൃതർ പരോൾ നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.
യുവതിയുടെ സന്തോഷം കണക്കിലെടുത്താണ് പ്രതിക്കു പരോൾ അനുവദിക്കുന്നതെന്നു പറഞ്ഞ കോടതി അവർക്ക് എല്ലാ അനുഗ്രഹങ്ങളും നേർന്നു.