മുംബൈ ക്രിക്കറ്റ് വിടാനൊരുങ്ങി പൃഥ്വി ഷാ

03:50 PM Jun 23, 2025 | Rajani kannur

മുംബൈ ക്രിക്കറ്റ് വിട്ട് മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുമതി തേടി യുവതാരം പൃഥ്വി ഷാ. അടുത്ത ആഭ്യന്തര സീസണില്‍ മറ്റേതെങ്കിലും സംസ്ഥാന അസോസിയേഷനു വേണ്ടി കളിക്കാന്‍ എൻഒസി നല്‍കണമെന്നാവശ്യപ്പെട്ടാണ് 25കാരനായ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കി.രണ്ട് ആഴ്ചത്തെ ഫിറ്റ്നസ് പ്രോഗ്രാമും പൃഥ്വിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു.

'എൻ്റെ കരിയറിലെ ഈ ഘട്ടത്തിൽ, മറ്റൊരു സംസ്ഥാന അസോസിയേഷനു കീഴിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ എനിക്കൊരു മികച്ച അവസരം ലഭിച്ചിട്ടുണ്ട്. ഇത് ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എൻ്റെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ പുതിയ സംസ്ഥാന അസോസിയേഷനെ ഔദ്യോഗികമായി പ്രതിനിധീകരിക്കാൻ എന്നെ യോ​ഗ്യനാക്കണം. അതിനായി മുംബൈ ക്രിക്കറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എനിക്ക് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു.' മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിൽ പൃഥ്വി ഷാ പ്രതികരിച്ചു.

ഈ മാസം ആദ്യം രണ്ട് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് പൃഥ്വി ഷായ്ക്ക് ഓഫറുകൾ വന്നതായാണ് സൂചന. മുംബൈ ടീമിനായി ഇനിയും കളിക്കണം എങ്കിൽ ഭാരം കുറയ്ക്കണം എന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിർദേശിച്ചിരുന്നു. എന്നാൽ ഫിറ്റ്നസനും ഫോമും മെച്ചപ്പെടുത്താൻ പൃഥ്വിക്ക് സാധിച്ചില്ല. ഇതോടെ മുംബൈയുടെ വിജയ് ഹസാരെ ട്രോഫി സ്ക്വാഡിലും പൃഥ്വിക്ക് ഇടം നേടാനായില്ല.