കൊണ്ടോട്ടി: ഓടിക്കൊണ്ടിരിക്കേ സ്വകാര്യബസ്സിന് തീപിടിച്ചു. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വന്‍ദുരന്തം . ബസ് പൂര്‍ണമായും കത്തിനശിച്ചു.
ദേശീയപാതയില്‍ ഞായറാഴ്ച രാവിലെ 8.50-ഓടെ വിമാനത്താവള ജങ്ഷനു സമീപം തുറയ്ക്കലിലാണ് അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസ് ആണ് കത്തിനശിച്ചത്. ഓടുന്നതിനിടെ എന്‍ജിനില്‍ തകരാറുള്ളതായി അനുഭവപ്പെട്ട ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തി അടിഭാഗം പരിശോധിക്കുകയായിരുന്നു. പുക ഉയരുന്നതുകണ്ട് ഉടന്‍ യാത്രക്കാരെ പുറത്തിറക്കാന്‍ ശ്രമം നടത്തി. ചൂടേറ്റ് എയര്‍ ഡോറുകള്‍ പെട്ടെന്ന് തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു. ജീവനക്കാരും യാത്രക്കാരും ബലംപ്രയോഗിച്ച്് വാതിലുകള്‍ തള്ളിത്തുറക്കുകയായിരുന്നു.
നാല്പതിലേറെ യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. മിനിറ്റുകള്‍ക്കകം പൂര്‍ണമായും തീ വിഴുങ്ങിയ ബസ് അരമണിക്കൂറിലേറെ ആളിക്കത്തി. മലപ്പുറത്തുനിന്നും മീഞ്ചന്തയില്‍നിന്നും ഓരോയൂണിറ്റ് അഗ്‌നിരക്ഷാസേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
വന്‍ ശബ്ദത്തോടെ ടയറുകള്‍ പൊട്ടിത്തെറിച്ചത് ആശങ്ക പടര്‍ത്തിയിരുന്നു. ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതാണ് രക്ഷയായത്. പരിശോധനയില്‍ ബസ്സിനുള്ളില്‍ ഉപയോഗിക്കാതെകിടന്ന ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ കണ്ടെത്തി. പുകകണ്ട ഉടനെ ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു.
എന്‍ജിന്‍ അമിതമായി ചൂടായതോ, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം അസി. സ്റ്റേഷന്‍ ഓഫീസര്‍ സഞ്ജയന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം. പ്രദീപ്കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സുധീഷ്, കെ.സി. മുഹമ്മദ് ഫാരിസ്, അക്ഷയ്കുമാര്‍, അഭിഷേക്, വിജി, അനൂപ് ശ്രീധര്‍, അഭിലാഷ്, ഹോം ഗാര്‍ഡ് കൃഷ്ണകുമാര്‍ എന്നിവര്‍ചേര്‍ന്ന് നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് തീയണച്ചത്.