+

കൽക്കി രണ്ടാം ഭാഗത്തിൽ ദീപികക്ക് പകരമാവാൻ പ്രിയങ്കയോ?

കൽക്കി രണ്ടാം ഭാഗത്തിൽ ദീപികക്ക് പകരമാവാൻ പ്രിയങ്കയോ?

കൽക്കി രണ്ടാം ഭാഗത്തിൻ നിന്നും ദീപിക പിന്മാറുന്നു എന്ന പ്രഖ്യാപനത്തിനുശേഷം ആരാകും താരത്തിന് പകരമായെത്തുക എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദീപിക അനശ്വരമാക്കിയ കൽക്കിയിലെ കഥാപാത്രത്തിന് മറ്റൊരു മുഖമാവുക എന്നത് അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ കാര്യമാണ്. കഥാപാത്രത്തിന്‍റെ പ്രാധാന്യവും നായികയുടെ അഭിനയമികവുമാണ് ഇനിയാര് എന്ന ചോദ്യത്തിന് ഇത്ര പ്രാധാന്യം നൽകുന്നത്.

ദീപികക്ക് പകരമായി പ്രിയങ്ക ചോപ്ര എത്തുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഇതിനു മുമ്പ് ആലിയ ഭട്ട്, സായി പല്ലവി, അനുഷ്ക ഷെട്ടി എന്നിവരെകുറിച്ചും അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും പ്രിയങ്കയിൽ തന്നെ ഉറപ്പിക്കുന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദീപികയല്ലെങ്കിൽ പിന്നെ കഥാപാത്രത്തിന് ഏറെ അനുയോജ്യം പ്രിയങ്കയാണെന്നുതന്നെയാണ് ആരാധകരുടേയും പ്രതികരണം. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

നിർമാതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ദീപിക ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ എട്ടുമണിക്കൂർ ജോലി സമയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും രംഗത്തുവന്നിരുന്നു.

2024ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൽക്കി 2898 എഡി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ആണ് നായകനായെത്തിയത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരുൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിൽ സുമതി എന്ന നായിക കഥാപാത്രമായിരുന്നു നടി ദീപികയുടേത്.

facebook twitter