ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ പ്രൊഫസർ അറസ്റ്റിൽ

03:10 PM Mar 15, 2025 | Neha Nair

ഗാസിയാബാദ് : ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ പ്രൊഫസർ അറസ്റ്റിൽ. കൃഷ്ണ ശേഖർ റാണ എന്ന 66കാരനായ ദില്ലി സ്വദേശിയാണ് പിടിയിലായത്. ഗാസിയാബാദ് പൊലീസാണ് കൃഷ്ണ ശേഖർ റാണയെ അറസ്റ്റ് ചെയ്തത്. വിവിധ യൂണിവേഴ്സിറ്റികളിലായി നിരവധി കാലം പ്രൊഫസർ കെ എസ് റാണ പ്രവർത്തിച്ചിട്ടുണ്ട്.

മകളുടെ വൈശാലിയിലെ വീട് സന്ദർശിക്കാൻ എത്തുന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ​ഗാസിയാബാദ് പൊലീസിന് അയച്ച കത്താണ് റാണയെ വെട്ടിലാക്കിയത്. ഒമാനിലെ ഹൈകമ്മീഷണറാണെന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു കത്ത്.

നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവിക നടപടി ക്രമമായതിനാൽ അസ്വാഭാവികത തോന്നിയില്ലെന്നും എന്നാൽ കത്തിലെ ഒരു ചെറിയ തെറ്റ് ശ്രദ്ധയിൽപ്പെട്ടെന്നും ഇന്ദിരാപുരം സർക്കിളിലെ അസിസ്റ്റന്‍റ് കമ്മീഷണർ അഭിഷേക് ശ്രീവാസ്തവ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.