+

റഹീം കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്‍

പ്രോസിക്യൂഷന്റെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.

സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത അപ്പീല്‍. 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കെയാണ് ഇതേ കേസിലെ അപ്പീല്‍. പ്രോസിക്യൂഷന്റെ ആവശ്യമെന്താണെന്നത് വ്യക്തമല്ല.

സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 വര്‍ഷം തടവ് ശിക്ഷയിലാണ് അബ്ദുല്‍ റഹീമിപ്പോള്‍. അതില്‍ 19 കൊല്ലവും പൂര്‍ത്തിയായി. മെയ് 26ന് വിധി പറഞ്ഞ് അപ്പീലിനായി ഒരു മാസം സമയവും കോടതി നല്‍കി. ഇതിനിടയിലാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. അപ്പീല്‍ പരിഗണിക്കുന്ന തീയതി അടുത്ത ദിവസങ്ങളില്‍ കോടതി അറിയിക്കും. ഭിന്നശേഷിക്കാരനായ ബാലന്‍ കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമോയെന്നതാണ് സംശയം.

കോടതിവിധിക്ക് ശേഷം കേസില്‍ റഹീമിനായി അപ്പീല്‍ നല്‍കിയതുമില്ല. മാത്രമല്ല, ജയിലിലെ നല്ല നടപ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്തതും പരിഗണിച്ച് ജയില്‍ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിയാദ് നിയമ സഹായ സമിതി അറിയിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അടുത്ത സിറ്റിംഗില്‍ റഹീമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദ് നിയമ സഹായ സമിതി അറിയിച്ചു. വധശിക്ഷ നേരത്തെ റദ്ദാക്കിയതുമാണ്.

Trending :
facebook twitter