ചർമത്തിലെ ടാൻ ഒരുവശത്ത്, മറുവശത്ത് ചുളിവ്.. തലയിൽ തുണി മൂടിയും കുട പിടിച്ചും സൺസ്‌ക്രീൻ തേച്ചുമെല്ലാം പരിഹാരം കാണാൻ ശ്രമിച്ചാലും ചിലപ്പോൾ എല്ലാം വിഫലമാകും. സങ്കടപ്പെടേണ്ട! ഇതിനൊക്കെ വലിയ ചിലവില്ലാതെ തന്നെ പരിഹാരം കാണാം. അടുക്കളയിൽ ഒന്നു കയറിയാൽ മതി. കരിവാളിപ്പിനും മുഖക്കുരുവിനുമൊക്കെ പരിഹാരമാണ് തൈര്. എന്നും വേണ്ട ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തൈര് കൊണ്ടുള്ള പാക്കുകൾ മുഖത്ത് പരീക്ഷിക്കുന്നത് ഗുണകരമാണ്.
വൈറ്റമിൻ ഡി, പ്രോട്ടീൻ അങ്ങനെ നമ്മുടെ ചർമത്തിന് ആവശ്യമായ പല കാര്യങ്ങളും അടങ്ങിയിട്ടുള്ള തൈര് ചർമത്തിന്റെ എനർജിയെ ബൂസ്റ്റ് ചെയ്യും. എന്നുവച്ചാൽ ചർമത്തിലെ ജലാംശം നിലനിർത്തി, അവശ്യ പോഷണം നൽകും. നിറവും തിളക്കവുമുള്ള ചർമത്തിന് ഇത് ബെസ്റ്റാണ്. ഇതിനൊപ്പം കുറച്ച് കടലുമാവു കൂടി ഉണ്ടെങ്കിൽ മറ്റൊരു ഫേസ്പാക്ക് തന്നെ ഉണ്ടാക്കാം. ആവശ്യത്തിന് കടലമാവും തൈരും കുഴച്ച് പാക്ക് ആക്കി ഉപയോഗിച്ചാൽ ടാൻ പമ്പകടക്കും.