പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം

10:15 AM Jun 09, 2025 | Kavya Ramachandran

തേയ്ക്കാൻ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പ്രധാനമാണ്. മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിച്ചിട്ടു കാര്യമില്ല. സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ. പരുക്കൻ നാരുകളുള്ള ബ്രഷ് പതിവായി ഉപയോഗിക്കുന്നതു പല്ലുകൾ തേയാനും പുളിപ്പ് അനുഭവപ്പെടാനും ഇടയാക്കും.

ബ്രഷ് ചെയ്താൽ മാത്രം പല്ലുകൾ വൃത്തിയാകണമെന്നില്ല. ദിവസം രണ്ടുനേരം ഫ്‌ളോസ് ചെയ്യുന്നതു പല്ലുകളുടെ ഇടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് അടങ്ങിയ പഴങ്ങൾ കഴിച്ച ശേഷം ഉടനെ വായിൽ വെള്ളം നിറച്ച് കുലുക്കി തുപ്പണം. കാരണം ഈ പഴങ്ങളിലടങ്ങിയ സിട്രസ് ആസിഡ് പല്ലുകൾക്കു തേയ്മാനമുണ്ടാക്കും. ഈ പഴങ്ങൾ കഴിച്ച ഉടൻ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ആപ്പിൾ, കാരറ്റ് തുടങ്ങിയവ പച്ചയ്ക്ക് കഴിക്കുന്നത് ഉത്തമമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ പല്ലുകളുടെ ബലം വർദ്ധിപ്പിക്കും.

കാപ്പി, ചായ, ശീതള പാനീയങ്ങൾ എന്നിവ അമിതമായി കുടിക്കുന്നതു പല്ലുകളുടെ നിറം മങ്ങാൻ ഇടയാക്കും. അതിനാൽ അമിതമായ ചായ, കാപ്പി ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ പല്ലിൽ കറ പറ്റിപ്പിടിക്കും. ഇത് ഒഴിവാക്കുന്നത് ദന്ത സംരക്ഷണത്തിന് നല്ലതാണ്.

ദന്ത സംരക്ഷണത്തിൽ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അഴുക്ക് അടിയുന്നത്. നാവിൽ കീടാണുക്കൾ അടിയുന്നതു പല്ലുകളുടെ നിറം മങ്ങാൻ ഇടയാക്കും. ഇത് ഒഴിവാക്കുന്നതിനു പല്ലുകൾ വൃത്തിയാക്കുന്നതിനൊപ്പം നാവ് കൂടി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നാവ് വൃത്തിയാക്കാൻ സോഫ്റ്റായ ബ്രഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഓരോ തവണ നാവ് വൃത്തിയാക്കിയതിനു ശേഷവും ബ്രഷ് വൃത്തിയായി കഴുകണം.

പല്ലുകളെ കീടാണു ബാധയിൽനിന്നും സംരക്ഷിക്കണം. ഇതിന് ചില മാർഗ്ഗങ്ങളുണ്ട്. ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ രണ്ട് ചെറിയ സ്പൂൺ ഉപ്പ് ഇടണം. ദിവസം മൂന്നോ നാലോ തവണ ഈ വെള്ളം കൊണ്ടു ഗാർഗിൾ ചെയ്യുക. ഇതു പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കീടാണുക്കളെ അകറ്റി നിർത്തുന്നതിനും നല്ലതാണ്.