പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ പ്രതിഷേധ കരോള്‍; ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും സംഘടിപ്പിക്കും

05:43 AM Dec 23, 2024 | Suchithra Sivadas

പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ കരോള്‍ നടത്താനൊരുങ്ങി യുവജന സംഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. ഇന്ന് സ്‌കൂളിന് മുമ്പിലാണ് ഇരു സംഘടനകളും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുക.
ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ എത്തിയത്. ഇവര്‍ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.