മറ്റൊരു ഓഫറും ലഭിക്കാതെ തന്നെ ഇന്‍ഫോസിസിലെ ജോലി വലിച്ചെറിഞ്ഞു, മലയാളിക്കും തമിഴനുമെല്ലാം മുന്തിയ പരിഗണന, ഹിന്ദിക്കാര്‍ക്ക് അവഗണന, വൈറലായി ടെക്കിയുടെ പോസ്റ്റ്

04:27 PM Jan 11, 2025 | Raj C

ബെംഗളുരു: ഇന്‍ഫോസിസ് പോലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയെന്നത് മിക്ക ടെക്കികളുടേയും സ്വപ്‌നമാണ്. എന്നാല്‍, ഇന്‍ഫോസിസിലെ ജോലി മറ്റൊരു ഓഫറും ലഭിക്കാതെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ് പൂനെക്കാരനായ ഐടി എഞ്ചിനീയര്‍ ഭൂപേന്ദ്ര വിശ്വകര്‍മ.

ജോലി തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നിട്ടും രാജിവയ്ക്കാന്‍ പ്രേരിപ്പിച്ച ആറ് കാരണങ്ങള്‍ ഭൂപേന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. ഒട്ടേറെ ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളി അദ്ദേഹത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന കാലത്ത്, പല പ്രശ്നങ്ങളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഭൂപേന്ദ്ര പറയുന്നു. മറ്റൊരു ഓഫറും ഇല്ലാതെ പോകാനുള്ള  തീരുമാനമെടുക്കാന്‍ ഇത് എന്നെ നിര്‍ബന്ധിതനാക്കി.

സിസ്റ്റം എഞ്ചിനീയറില്‍ നിന്ന് സീനിയര്‍ സിസ്റ്റം എഞ്ചിനീയറിലേക്കുള്ള പ്രമോഷന്‍ ശമ്പള വര്‍ദ്ധനവില്ലാതെയാണ് നല്‍കിയത്. മൂന്ന് വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരതയാര്‍ന്ന പ്രകടനവും ഉണ്ടായിട്ടും ഭൂപേന്ദ്രയ്ക്ക് സാമ്പത്തിക പ്രതിഫലമൊന്നും നല്‍കിയില്ല.

കൂടാതെ അദ്ദേഹത്തിന്റെ ടീം 50ല്‍ നിന്ന് 30 അംഗങ്ങളായി ചുരുങ്ങിയപ്പോള്‍, അധിക ജോലിഭാരം ബാക്കിയുള്ള ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. പുതിയ നിയമനങ്ങളോ പിന്തുണയോ നല്‍കിയില്ല. മാനേജ്‌മെന്റ് എളുപ്പവഴി സ്വീകരിക്കുകയായിരുന്നു.

പരിമിതമായ ശമ്പള വര്‍ധനയും മങ്ങിയ കരിയര്‍ പുരോഗതിയും ഇന്‍ഫോസിസില്‍ തുടരുന്നത് ശരിയല്ലെന്ന അവസ്ഥയുണ്ടാക്കി. ക്ലയന്റുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കടുത്തതായിരുന്നു. ചെറിയ പ്രശ്നങ്ങളില്‍ പോലും ജീവനക്കാരില്‍ കഠിനമായ സമ്മര്‍ദ്ദംചെലുത്തി.

സഹപ്രവര്‍ത്തകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും പ്രശംസ നേടിയിട്ടും, അവയൊന്നും പ്രമോഷനുകളിലേക്കോ ശമ്പള വര്‍ദ്ധനവിലേക്കോ കരിയര്‍ പുരോഗതിയിലേക്കോ എത്തിയില്ല. പ്രതിഫലത്തേക്കാള്‍ തന്റെ കഠിനാധ്വാനം ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഭൂപേന്ദ്രയ്ക്ക് തോന്നി.

ഭൂപേന്ദ്ര പറയുന്നത് ഓണ്‍സൈറ്റ് റോളുകള്‍ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും എന്നാല്‍ പ്രത്യേക ഭാഷകള്‍ സംസാരിക്കുന്ന ജീവനക്കാര്‍ തന്നെപ്പോലുള്ള ഹിന്ദി സംസാരിക്കുന്ന ജീവനക്കാരെ വശത്താക്കിയെന്നുമാണ്. തെലുങ്ക്, തമിഴ്, മലയാളം എന്നിവ സംസാരിക്കുന്ന ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. അതേസമയം തന്നെപ്പോലുള്ള ഹിന്ദി സംസാരിക്കുന്ന ജീവനക്കാരെ പ്രകടനം പരിഗണിക്കാതെ അവഗണിക്കപ്പെട്ടു. ഈ നഗ്‌നമായ പക്ഷപാതം അന്യായമാണെന്നും ഒപ്പം മനോവീര്യം തകര്‍ക്കുന്നതാണെന്നും ഭൂപേന്ദ്ര ആരോപിച്ചു.

ഈ പ്രശ്നങ്ങള്‍ എനിക്ക് മാത്രമുള്ളതല്ല. ഇത്തരം വ്യവസ്ഥാപരമായ പരാജയങ്ങള്‍ക്ക് മുന്നില്‍ ശബ്ദമില്ലായ്മ അനുഭവിക്കുന്ന എണ്ണമറ്റ ജീവനക്കാരുടെ അനുഭവങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പോകാന്‍ തീരുമാനിച്ചു. അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ച ഒരു സ്ഥാപനത്തിന് ആത്മാഭിമാനവും മാനസികാരോഗ്യവും പണയംവെക്കാന്‍ ഒരുക്കമല്ലെന്നും ഭൂപേന്ദ്ര വ്യക്തമാക്കി.

ഭൂപേന്ദ്രയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്. ഒട്ടേറെപേര്‍ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. സിസ്റ്റം എഞ്ചിനീയറില്‍ സീനിയര്‍ സിസ്റ്റം എഞ്ചിനീയര്‍ ആകുന്നത് ഒരു പ്രമോഷനല്ല. സിസ്റ്റം എഞ്ചിനീയറായി ചേരുന്ന ഏതൊരാളും ഒരു വര്‍ഷത്തിന് ശേഷം സീനിയര്‍ സിസ്റ്റം എഞ്ചിനീയറാകുമെന്നാണ് ഒരാളുടെ പ്രതികരണം.

ക്ലയന്റുകളെക്കുറിച്ചുള്ള ഭൂപേന്ദ്രയുടെ അഭിപ്രായത്തെ ഒരു ഉപയോക്താവ് ചോദ്യം ചെയ്തു. ക്ലയന്റ് ഡിമാന്‍ഡ് ഒഴികെയുള്ള മിക്ക ഭാഗങ്ങളും ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ ഒരു ക്ലയന്റ്-ഫേസിംഗ് റോളില്‍ ആയിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല. ടീമിന് എതിരായി നില്‍ക്കുന്നതിനേക്കാള്‍ ടീമിനൊപ്പം നില്‍ക്കുന്ന ഒരു ശരിയായ പ്രോജക്ട് മാനേജറെയാണ് ആവശ്യമെന്ന് അയാള്‍ കുറിച്ചു.

ഭൂപേന്ദ്ര വിശ്വകര്‍മയുടെ പോസ്റ്റ്, ജീവനക്കാരുടെ ക്ഷേമം, അംഗീകാരം തുടങ്ങിയ തടയുന്ന ഇന്ത്യന്‍ ഐടി മേഖലയെ തുറന്നുകാട്ടുന്നതായി. അതേസമയം, വൈറലായ പോസ്റ്റിനോട് ഇന്‍ഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.