കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്ക്കെതിരെ പി.വി. അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയിൽ അഴിമതിയാരോപണമുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.
പ്രസ്താവന പിൻവലിച്ച് അൻവർ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി. ശശി ഇന്നലെ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും പി. ശശി കുറ്റപ്പെടുത്തിസിൽവർ ലൈൻ അട്ടിമറിക്കാൻ ഐ.ടി കുത്തകകൾ 150 കോടി രൂപ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈക്കൂലി നൽകിയെന്നായിരുന്നു പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണം. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്നും ഇക്കാര്യത്തിൽ താൻ പ്രതിപക്ഷ നേതാവിനോട് മാപ്പുചോദിക്കുന്നുവെന്നും അൻവർ ഇന്നലെ പറഞ്ഞിരുന്നു. ഒരുപാട് പാപഭാരങ്ങൾ ചുമന്നാണ് താൻ നടക്കുന്നത്. ഇനിയത് വിശദീകരിക്കാതെ രക്ഷയില്ലെന്നും വാർത്തസമ്മേളനത്തിൽ ഏറ്റുപറഞ്ഞിരുന്നു.