+

സാധാരണക്കാരെ പട്ടിണിക്കിടുന്നത് യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ഖത്തർ

സാധാരണക്കാരെ പട്ടിണിക്കിടുന്നത് യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ഖത്തർ

ദോഹ: സാധാരണക്കാരെ പട്ടിണിക്കിടുന്നത് യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ഖത്തർ. അന്താരാഷ്ട്ര സംഘടനകൾക്ക് ഗസ്സ മുനമ്പിൽ മാനുഷിക സഹായങ്ങൾ സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും വിതരണം ചെയ്യുന്നതിന് അവസരമൊരുക്കാൻ, ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയുടെ, ഫലസ്തീൻ വിഷയം ഉൾപ്പെടെ മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്യാൻ നടന്ന തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഗസ്സയിലെ സാഹചര്യം വിവരണാതീതമാണ്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സംവിധാനത്തിന്റെയും തകർച്ച, രോഗവ്യാപനം തുടങ്ങി ദുരിതപൂർണമാണ് അവസ്ഥ. ​ആശുപത്രികൾ, സ്കൂളുകൾ, റെസിഡൻഷൽ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നു. ഫലസ്തീനികളെ നിർബന്ധിച്ച് കുടി‍യറക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അവർ പറഞ്ഞു. 

facebook twitter