+

സുഡാനും പലസ്തീനും പിന്തുണ അറിയിച്ച് ഖത്തര്‍ അമീര്‍

ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ സുഡാനിലെ കൂട്ടക്കൊലയും പലസ്തീന്‍ വിഷയവും അമീറിന്റെ പ്രസംഗത്തില്‍ മുഖ്യവിഷയമായി

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കം. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. നവംബര്‍ ആറ് വരെ നീളുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിവിധ ലോക നേതാക്കള്‍ ദോഹയിലെത്തിയിട്ടുണ്ട്.

ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ സുഡാനിലെ കൂട്ടക്കൊലയും പലസ്തീന്‍ വിഷയവും അമീറിന്റെ പ്രസംഗത്തില്‍ മുഖ്യവിഷയമായി. സുഡാനിലെ എല്‍-ഫാഷറില്‍ നടന്ന അതിക്രമങ്ങളില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച അമീര്‍ ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയസ്ഥിരത ഇല്ലാതിരിക്കുന്നത് ഇത്തരം ആഘാതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാന്‍ ലോകത്തിന് മറ്റൊരു തെളിവ് ആവശ്യമുണ്ടോ എന്ന് ചോദിച്ചു.

രണ്ടര വര്‍ഷമായി സുഡാനില്‍ തുടരുന്ന കൂട്ടക്കൊലകളും നരഹത്യകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുഡാന്റെ പ്രാദേശിക സമഗ്രത കൈവരിക്കാന്‍ ഒരു രാഷ്ട്രീയ പരിഹാരം ഉടനടി ഉണ്ടാവേണ്ടതുണ്ടെന്നും അമീര്‍ ആവശ്യപ്പെട്ടു. പലസ്തീനുള്ള പിന്തുണയും അമീര്‍ ആവര്‍ത്തിച്ചു. പലസ്തീന്‍ ജനതക്ക് സ്വന്തം പ്രദേശങ്ങളില്‍ നിയമപരമായ അവകാശം വിനിയോഗിക്കാന്‍ കഴിയുന്നതുവരെ പിന്തുണ ശക്തമാക്കാനും നീതി ലഭിക്കുന്നതുവരെ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

facebook twitter