
കാസർകോട് : കണ്ണൂർ സർവകലാശാല ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രിൻസിപ്പൽ പി. അജേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വിശ്വാസം തകർക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും ഒരധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തിയാണിതെന്നും നിരീക്ഷിച്ചാണ് കോടതി പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഏപ്രിൽ 26ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വാദം പൂർത്തിയാക്കി വിധിപറയാൻ 30ലേക്ക് മാറ്റുകയായിരുന്നു. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇ-മെയിൽ വഴി ചോദ്യം ചോർത്തിയ കേസിലാണ് പാലക്കുന്ന് ഗ്രീൻവുഡ് ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ പി. അജേഷിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നത്.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. വി.എ. വിൽസൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തും ഒടുവിൽ കോളജ് മാനേജ്മെന്റ് അദ്ദേഹത്തെ സസ്‍പെൻഡ് ചെയ്തതും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. വേണുഗോപാലൻ ഹാജരായി.