ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം അപ്രതീക്ഷിതമായി രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീമിന്റെ നെടുംതൂണുകളിലൊന്നായ അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്.
അഡ്ലെയ്ഡില്‍ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് അശ്വിന്‍ ഒടുവിലായി കളിച്ചത്. ഗാബയിലെ അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തെ ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
കരിയര്‍ അവസാനിപ്പിച്ച അശ്വിന് അഭിനന്ദനങ്ങളും വൈകാരിക സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എണ്ണമറ്റ കളികളില്‍ ഇന്ത്യയെ ജയിപ്പിച്ച അശ്വിന്റെ അഭാവം ഇന്ത്യന്‍ ടീമില്‍ നിഴലിക്കും. പ്രത്യേകിച്ചും ഇന്ത്യന്‍ പിച്ചുകളില്‍ എതിരാളികളുടെ പേടിസ്വപ്‌നമാണ് അശ്വിന്‍.
അശ്വിന്റെ വിരമിക്കലിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ അശ്വിന്‍ തീരുമാനിച്ചതിന് പിന്നില്‍ ഗംഭീറാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രോഹിത് ശര്‍മ പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയറായ കളിക്കാരനായ അശ്വിനെ ഗംഭീര്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും വിലയിരുത്തലുകളുണ്ട്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റില്‍ അശ്വിന് പന്തെറിയാന്‍ വൈകിയതും വിവാദമായിരുന്നു. ടീമിലെ അവഗണനയാണ് താരത്തെ അതിവേഗം വിരമിക്കലിലേക്ക് നയിച്ചതെന്നാണ് സൂചന.
രവിചന്ദ്രന്‍ അശ്വിന്‍ തന്റെ അന്താരാഷ്ട്ര കരിയറില്‍ 106 ടെസ്റ്റുകളും 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളും കളിച്ചിട്ടുണ്ടെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാണിച്ചിട്ടുള്ളത്.
അനില്‍ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ബൗളറും. ഏറ്റവും വേഗത്തില്‍ 250, 300, 350, 400, 450, 500 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ് അശ്വിന്‍.
24 എന്ന മികച്ച ശരാശരിയില്‍ 537 വിക്കറ്റുകളുമായാണ് അശ്വിന്‍ കളി മതിയാക്കുന്നത്. 65 ടെസ്റ്റുകളില്‍ നിന്ന് 21.57 ശരാശരിയില്‍ 383 വിക്കറ്റുകള്‍ നേടിയ അദ്ദേഹത്തിന്റെ ഹോം റെക്കോര്‍ഡ് അസാധാരണമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിന്‍ ബൗളിംഗ് കൂട്ടുകെട്ടിനും ഇതോടെ വിരാമമായി. ഇരുവരും ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ ജയിപ്പിക്കുകയും വിവിധ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. അശ്വിനും ജഡേജയും തങ്ങളുടെ ടെസ്റ്റ് കരിയറില്‍ 800ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഇരുവരും ഒരുമിച്ച് കളിക്കും. ഈ വര്‍ഷം ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ 9.75 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്.