തിരുവനന്തപുരം: വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി യോഗം ഉടൻ ചേരും. പുതുതായി എത്തിയ സ്റ്റോക്കിൽ ഗുണനിലവാര പരിശോധന നടത്തിയിരുന്നു. പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
ഒരുമാസത്തിനിടെ, മൂന്നു കുട്ടികൾക്കാണ് വാക്സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചു. ഒരുകുട്ടി തിരുവനന്തപുരം, എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ചു വർഷത്തിനിടെ, വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് 20 പേർ മരിച്ചെന്നാണ് കണക്ക്. വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, കുത്തിവെപ്പിലെ അപാകം, പ്രാഥമിക ശുശ്രൂഷയിലെ പോരായ്മ എന്നിവയെല്ലാം പേവിഷബാധക്ക് കാരണമാകും. ഇതെല്ലാം വാക്സിൻ ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കും.
ഈ വർഷം ആദ്യ നാലു മാസത്തിനിടെ, പേവിഷബാധയേറ്റ് 13 പേർ മരിച്ചു. ഇതിൽ ആറും ഏപ്രിലിലാണ്. വാക്സിൻ 100 ശതമാനവും ഗുണമേന്മയുള്ളതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം