
കണ്ണൂര്‍: അതിപ്രഗല്‍ഭരായവര്‍ രാഷ്ട്രപതിയുടെ നോമിനേഷനിലൂടെ രാജ്യസഭയിലെത്താമെന്ന മാര്‍ഗമുപയോഗിച്ച് കണ്ണൂരിലെ ബിജെപി നേതാവ് സി സദാനന്ദനെ തെരഞ്ഞെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് തിരികൊളുത്തിയ പ്രധാന സംഭവത്തിലെ മുഖ്യ പ്രതിയായിരുന്നു സദാനന്ദന്. പതിറ്റാണ്ടുകളോളം അശാന്തിവിതച്ച കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്എസ്സിന്റെ ബുദ്ധികേന്ദ്രമായ സദാനന്ദനെ ഏതു രീതിയിലാണ് നാമനിര്‍ദ്ദേശം ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമ്പോള്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന് പട്ടാന്നൂര്‍. അനുവാദമില്ലാതെ കുട്ടികളെ ബാലഗോകുലം പരിപാടിക്ക് കൊണ്ടുപോയി രാത്രി വീട്ടിലെത്തിക്കാതെ സ്കൂളില്‍ ഇറക്കിവിട്ട സംഭവത്തില്‍ അന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സദാനന്ദനെ ബന്ധുകൂടിയായ ജനാര്ദ്ദനന് ചോദ്യം ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകനായ ജനാര്‍ദ്ദനനന്‍ തൊട്ടടുത്ത ദിവസം ജോലിക്കുപോകുമ്പോള്‍ ഒരുസംഘം ആളുകള്‍ വെട്ടിനുറുക്കിയാണ് ഇതിന്റെ പകവീട്ടിയത്. ഈ കേസില്‍ ഒന്നാം പ്രതിയായിരുന്നു സദാനന്ദന്.
രാധാകൃഷ്ണന്റെ പട്ടാനൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
സി. സദാനന്ദന് അത്രയും ശ്രേഷ്ഠനാണോ..?
......
പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് കല, സാഹിത്യം, സംഗീതം, കായികം, സംസ്കാരം, ശാസ്ത്രം, നിയമം എന്നീ രംഗങ്ങളില്‍ അതിപ്രഗല്ഭരായ 12 പേരെ ആറ് വര്‍ഷത്തേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാന്‍ വ്യവസ്ഥയുണ്ട്.അങ്ങിനെ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഒന്ന് കണ്ണോടിച്ചാല്‍,ഇത് വരെ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ ഔന്നത്യം വ്യക്തമാകും.
സച്ചിന് ടെന്റുല്‍ക്കര്‍, ലതാ മങ്കേഷ്കര്‍, എം.എസ്. സ്വാമിനാഥന്, ഫാലി എസ് നരിമാന്,അമൃതാ പ്രീതം, എം എഫ് ഹുസൈന്,മൃണാള്‍ സെന്‍, കസ്തൂരി രംഗന്, വൈജയന്തിമാല, കുല്‍ദീപ് നയ്യാര്‍, ശിവാജി ഗണേശന്.....
മട്ടന്നൂരിനടുത്ത പഴശ്ശി പെരിഞ്ചേരി സ്വദേശിയും കുഴിക്കല്‍ എല്‍.പി.സ്കൂള്‍ അധ്യാപകനുമായിരുന്ന സി. സദാനന്ദന് ഇതില്‍ ഏത് മേഖലയിലാണ് അസാധാരണമായ പ്രാഗല്ഭ്യം തെളിയിച്ചത്...?
ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് രാഷ്ട്രപതി (ബി.ജെ.പി ) നാമനിര്‍ദ്ദേശം ചെയ്തു എന്നാണ് വാര്‍ത്ത.
രാഷ്ട്രീയ സംഘട്ടനത്തില്‍ രണ്ട് കാലും നഷ്ടപ്പെട്ടത് രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെടാനുള്ള യോഗ്യതയാണോ ....?
ഇനി, സി. സദാനന്ദന് രണ്ടു കാലുകളും നഷ്ടപ്പെടാനിടയായ സംഭവത്തിലേക്ക് വരാം.
1993 ലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍
സദാനന്ദന് പഠിപ്പിക്കുന്ന കുഴിക്കല്‍ എല്‍.പി.സ്കൂളിലെ ( ഈ സ്കൂള്‍ അദ്ദേഹത്തിന്റെ കുടുംബം വകയാണ് ) കുട്ടികളെ, രക്ഷിതാക്കളുടെ അനുമതി പോലും വാങ്ങാതെ ശ്രീകൃഷ്ണന്റെ വേഷം കെട്ടിക്കാന്‍ കൊണ്ടുപോയി. കുട്ടികളുടെ കൂട്ടത്തില്‍ സി.പി.ഐ.എം. പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.എം. ജനാര്‍ദ്ദനന്റെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകന് ഷിനോജും സ്കൂളില്‍ ചേര്‍ത്തില്ലെങ്കിലും ഒന്നാം ക്ലാസില്‍ ഇരിക്കുന്ന മകള്‍ ഷിജിനയും ഉണ്ടായിരുന്നു.
കല്ലുവെട്ട് തൊഴിലാളിയായ ജനാര്ദ്ദനന് രാത്രി വീട്ടിലെത്തിയപ്പോള്‍ മക്കള്‍ വീട്ടിലില്ല.
'..സദാനന്ദന് മാഷ് അമ്പലത്തില്‍ എത്തണമെന്ന് പറഞ്ഞ് രണ്ട് പേരും ഉച്ചക്ക് തന്നെ പോയി 'എന്നാണ് ഭാര്യ നല്കിയ വിവരം
മക്കളെ അന്വേഷിച്ച് ജനാര്ദനന് സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികള്‍ ഇരുട്ടത്ത് എവിടെയും പോകാനാകാതെ സ്കൂള്‍ മുറ്റത്ത് നിന്ന് കരയുന്നു. ഒരു ജീപ്പില്‍ കുട്ടികളെ സ്കൂളില്‍ ഇറക്കി അവര്‍ സ്ഥലം വിട്ടു. കൃഷ്ണവേഷം കെട്ടി ദീര്‍ഘനേരം സഞ്ചരിച്ചതിനാല്‍ കുട്ടികള്‍ തീര്‍ത്തും അവശരായിരുന്നു. ശരീരം മുഴുവന്‍ പലതരം ചായം പൂശിയത് കാരണം അലര്‍ജിയായി കുട്ടികളുടെ ശരീരം തിണര്‍ത്തിരുന്നു. ഭക്ഷണം പോയിട്ട് വെള്ളം പോലും കുട്ടികള്‍ക്ക് കിട്ടിയതുമില്ല.
ജനാര്ദ്ദനന് മക്കളെയും കൂട്ടി വീട്ടില്‍ വന്നു.
പിറ്റേന്ന് സ്കൂളില്‍ എത്തിയ ജനാര്ദ്ദനന് സദാനന്ദന് മാഷുടെ നടപടിയെ ചോദ്യം ചെയ്തു. പിന്നെ വാക്കേറ്റമായി. ജനാര്‍ദ്ദനന്റെ അടുത്ത ബന്ധു കൂടിയാണ് സദാനന്ദന്.
അടുത്ത ദിവസം ജനാര്ദ്ദനന് ജോലിക്ക് പോകാനായി രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ടു. ഇരിട്ടിക്കടുത്ത പുന്നാടായിരുന്നു ജോലി സ്ഥലം.
മട്ടന്നൂര്‍ ബസ്റ്റാന്റില്‍ ഇറങ്ങി ബസ് മാറിക്കയറണം. ബസ്റ്റാന്റിലെ ഷാജി ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് ഇരിട്ടി ബസ്സിലേക്ക് കയറാന്‍ നോക്കുന്ന സമയത്ത് ജനാര്‍ദ്ദനനെ പിന്നില്‍ നിന്ന് രണ്ട് പേര് പിടിച്ച് റോഡിലിട്ടു. തുടര്‍ന്നെത്തിയ രണ്ട് പേര് റോഡില്‍ വീണ് കിടക്കുന്ന ജനാര്‍ദ്ദനനെ കമ്പിപ്പാര കൊണ്ട് പൊതിരെ തല്ലി. കൊടുവാള് കൊണ്ട് തുരുതുരെ വെട്ടി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മുകുന്ദന് നിലവിളിച്ചപ്പോള്‍ അയാളെ തല്ലിയോടിച്ചു. അതിരാവിലെയായതിനാല്‍ ബസ്റ്റാന്റില്‍ ആളുകള്‍ കുറവായിരുന്നു.
ജനാര്ദ്ദനന് മരിച്ചു എന്ന് കരുതി അക്രമികള്‍ ജീപ്പില്‍ സ്ഥലം വിട്ടു.
ജനാര്‍ദ്ദനന്റെ തലയോട് പൊട്ടിത്തെറിച്ച ഭാഗങ്ങള്‍ കാക്കകള്‍ കൊത്തിത്തിന്നു.
ജനാര്ദ്ദനന് ബോധം തെളിയുമ്പോള്‍ മംഗലാപുരത്തെ ആസ്പത്രിയിലായിരുന്നു.
മൂന്ന് മാസം അവിടെ കിടന്നു. നിരവധി ശസ്ത്രക്രിയകള്‍ . ഒരു വിധം ജീവന് തിരിച്ചു കിട്ടിയെങ്കിലും ഈ പാവപ്പെട്ട കല്ലുവെട്ട് തൊഴിലാളിയുടെ സാധാരണ ജീവിതം അതോടെ തീര്‍ന്നു.
ആര്.എസ്.എസ്. നേതാവായ സദാനന്ദന്റെ തെറ്റായ നടപടിയെ ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു ജനാര്‍ദ്ദന്‍ നേരെയുള്ള ആക്രമണം.
കേസില്‍ ഒന്നാം പ്രതി സദാനന്ദനാണെങ്കിലും കോടതി ശിക്ഷിച്ചില്ല.
ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന എനിക്ക്, ഡി വൈ എഫ് ഐ യുടെ പ്രവര്ത്തകന് കൂടിയായിരുന്ന ജനാര്‍ദ്ദനനുമായി അടുത്ത പരിചയമുണ്ട്.
കേരളത്തിലെ 'മാര്‍ക്സിസ്റ്റ് ഭീകരത'യെക്കുറിച്ച് ദേശീയ തലത്തില്‍ വാര്‍ത്ത സൃഷ്ടിക്കാനാണ് സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തം.
കേരളത്തിലെ ചാനലുകളും വീണു കിട്ടിയ അവസരമാക്കി ഈ സംഭവത്തെ മാറ്റുന്നുണ്ട്.
എന്നാല്‍, ഇത് കൊണ്ട് മാത്രം ആര് എസ് എസ് എന്ന ഭീകര സംഘടന വിശുദ്ധ മാകുമോ ?
രാജ്യത്ത് എത്ര കമ്യൂണിസ്റ്റുകാരുടെയും മതന്യൂനപക്ഷങ്ങളുടെയും ചോരക്കറ കള്‍ അവരുടെ കൈകളില്‍ ഉണങ്ങാതെ കിടപ്പുണ്ട്.
അവരുടെ പകയില്‍ കൊച്ചു കുട്ടികള്‍ പോലും ഇരയായില്ലേ...
മലയാളികളാരും മറന്നു പോകില്ല കൂത്തുപറമ്പിനടുത്ത ചെറുവാഞ്ചേരിയിലെ അശ്ന എന്ന പെണ്‍കുട്ടിയെ.
2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസുകാരും ആര് എസ് എസ്സുകാരും തമ്മില്‍ സംഘട്ടനമുണ്ടായി.
ചെറുവാഞ്ചേരി പൂവത്തൂരിലെ തരിശിപ്പറമ്പത്ത് വീട്ടില്‍ മുറ്റത്ത് കളിക്കുകയായിരുന്നു ആറ് വയസ്സുകാരി അശ്നയും അനുജന് ആനന്ദും. പെട്ടെന്ന് മുറ്റത്തേക്ക് ആര്.എസ്.എസ്സുകാര്‍ ബോംബെറിഞ്ഞു.
അശ്നയുടെ വലതു കാല് ബോംബേറില്‍ അറ്റ് തെറിച്ചു. ആനന്ദിനും അമ്മ ശാന്തക്കും ഗുരുതരമായ പരിക്കേറ്റു.
അശ്ന ഇന്ന് ഡോക്ടറാണ്. കുറച്ച് മുമ്പ് വിവാഹിതയായി.
സി. സദാനന്ദന്റെ അപദാനങ്ങള്‍ വാഴ്തുന്ന മാധ്യമങ്ങള്‍ ഇതൊന്നും മറന്നു പോകരുത്.