+

പരാതിനൽകാനോ കേസുമായി മുന്നോട്ടുപോകാനോ താത്പര്യമില്ലെന്ന് രാഹുലിന്റെ പേരിൽ ആരോപണമുന്നയിച്ച യുവതികൾ ; നിയമോപദേശം തേടാൻ അന്വേഷണസംഘം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിൽ ആരോപണം ഉന്നയിച്ചവരിൽ രണ്ടുപേർ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴിനൽകിയെങ്കിലും പരാതിനൽകാനോ കേസുമായി മുന്നോട്ടുപോകാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിൽ ആരോപണം ഉന്നയിച്ചവരിൽ രണ്ടുപേർ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴിനൽകിയെങ്കിലും പരാതിനൽകാനോ കേസുമായി മുന്നോട്ടുപോകാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി.

ആരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡറാകട്ടെ മൊഴിനൽകാനും തയ്യാറായില്ല. ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴിനൽകുകയോ പരാതിനൽകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടാൻ തീരുമാനിച്ചു.

മൊഴിനൽകിയ യുവതി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞ കാര്യങ്ങൾ പോലീസിനോടും പറഞ്ഞിട്ടുണ്ട്. തന്നെ പിന്തുടർന്ന്‌ ശല്യപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളുടെ പകർപ്പും കൈമാറി. യുവതിയുടെ മൊഴിയെ പരാതിയാക്കിയാൽ കേസ് നിലനിൽക്കുമോയെന്നത് സംബന്ധിച്ചാകും അന്വേഷണസംഘം നിയമോപദേശം തേടുക.

മൂന്നാം കക്ഷികൾ നൽകിയ പരാതികളിൽ അന്വേഷണസംഘം മൊഴി ശേഖരിച്ചിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ളത് ഗൂഢാലോചനയാണെന്നും കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകയും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴിനൽകി. 

രാഹുലിന്റെേപരിലുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മൊഴിയിൽ പറയുന്നു. നേരത്തേ ഇവർ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആരുടെയും പേരുകൾ പറഞ്ഞിട്ടില്ലായിരുന്നു.

facebook twitter