
ന്യൂഡൽഹി: കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടുപോയേ തീരൂ.കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി അധ്യക്ഷനെതിരെയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ വി ഡി സതീശനെതിരെയും എഐസിസി യോഗത്തിൽ പരാതി ഉന്നയിച്ചതായാണ് വിവരം. കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് വി ഡി സതീശൻ പരാതി പറഞ്ഞത്. നിസഹകരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ പറഞ്ഞു. ചർച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നാണ് ആരോപണം.
ശനിയാഴ്ച്ച സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഔദ്യോഗികമായി തുടക്കമിടാനിരിക്കുകയാണ്. രണ്ട് നിർണായക തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുളളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസിസി അടിയന്തര യോഗം വിളിച്ചത്. ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ നേതാക്കളെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രത്യേകം കണ്ടു.
കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. അതൃപ്തി മുഖത്തുനോക്കി പറഞ്ഞെന്നും നേതാക്കന്മാരാണ് പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നവർ എന്നുമാണ് കെ സുധാകരൻ പറഞ്ഞത്. 'അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചുവരാം. അല്ലെങ്കിൽ വെളളത്തിലാകും. അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നു': എന്നാണ് കെ സുധാകരൻ പറഞ്ഞത്.