തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസിൻറെ സമീപനം മറ്റ് പാർട്ടികളെ പോലെയല്ല. മറ്റു പാർട്ടികൾ ഇത്തരം വിഷയം വരുമ്പോൾ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ഞങ്ങൾ നോക്കാറില്ല. രാഹുൽ സഭയിലെത്തുമ്പോൾ ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യു.ഡി.എഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
“രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നിൽക്കുമ്പോൾ യു.ഡി.എഫിന്റെ ഭാഗത്തുനിന്നും അത് ഉണ്ടാകും. മുകേഷിൻറെ പേരിൽ രണ്ട് കേസുണ്ട്. അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ ആളാണ് അദ്ദേഹം. ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല. അന്വേഷണം നടക്കുന്നതിനുമുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യംചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ആരോപണം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബാക്കിയൊക്കെ സർക്കാറിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ല. സഭയിൽ വന്നാലും യു.ഡി.എഫിനൊപ്പം ഇരുത്തില്ല” -മുരളീധരൻ പറഞ്ഞു.
അതേസമയം നടപടിയുടെ ചൂടാറും മുമ്പേ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിക്കാനുള്ള നീക്കങ്ങളിൽ കോൺഗ്രസ് രണ്ടു തട്ടിലാണ്. രാഹുലിൻറെ നിയമസഭ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പരസ്യപിന്തണയുമായി കെ.പി.സി.സി പ്രസിഡൻറും യു.ഡി.എഫ് കൺവീനറുമടക്കം എത്തുകയും കവചമൊരുക്കുകയാണെന്ന പ്രതീതി രൂപപ്പെടുകയും ചെയ്തതതോടെയാണ് പാർട്ടിക്കുള്ളിൽ എതിർ സ്വരങ്ങളുയരുന്നത്.