ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുനേതാക്കള്‍ നേതൃത്വം നല്‍കും.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിതിന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ചയായിരിക്കും ഈ പദയാത്ര നടക്കുക. വാല്‍മീകി ക്ഷേത്രത്തില്‍ നിന്നായിരിക്കും പദയാത്ര ആരംഭിക്കുക.
മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ അല്‍ക്ക ലാംബക്ക് വേണ്ടിയും രാഹുല്‍ പ്രചരണം നടത്തും. പ്രിയങ്ക ഗാന്ധിയും അല്‍ക്കയ്ക്ക് വേണ്ടി കല്‍ക്കാജിയിലെത്തും. ഗാന്ധി സഹോദരങ്ങളെയും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റ് പ്രചരണ പരിപാടികളും ആലോചിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
മുന്‍ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രചരണത്തിനെത്തില്ല.