രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഡീയസ് ഈറേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'ദി ഡേ ഓഫ് റോത്ത്' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന സിനിമ സംവിധായകന്റെ മുൻസിനിമകൾ പോലെ വ്യത്യസ്തമായ ഴോണറിലായിരിക്കും കഥ പറയുക എന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഭ്രമയുഗത്തിന്റെ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആർട്ട് ഡയറക്റ്റർ ആയ ജ്യോതിഷ് ശങ്കർ ആണ് സിനിമയുടെ കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് ക്രിസ്റ്റോ സേവിയർ ആണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിക്കുന്നത്.
ഭ്രമയുഗം, ഭൂതകാലം എന്നീ സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രം ഏത് ഴോണറിലുള്ള ഹൊററായിരിക്കും പറയുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫീൽ ഗുഡ്, ആക്ഷൻ ഴോണറികളിലാണ് പ്രണവ് മോഹൻലാൽ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെർഫോമൻസുമായിരിക്കും ഇതെന്നാണ് സൂചനകൾ.
എമ്പുരാനിലാണ് പ്രണവ് മോഹൻലാൽ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പക്കാലമായിരുന്നു നടൻ സ്‌ക്രീനിലെത്തിച്ചത്. വളരെ കുറഞ്ഞ നിമിഷങ്ങൾ മാത്രമായിരുന്നു പ്രണവ് എമ്പുരാനിലുണ്ടായിരുന്നത്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിലായിരിക്കും പ്രണവിനെ കൂടുതലായി കാണാൻ കഴിയുക എന്നാണ് കരുതപ്പെടുന്നത്