ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് വകയിരുത്തിയത് 3042 കോടി രൂപ. 2009-2014 കാലത്തെ യു.പി.എ സർക്കാർ വകയിരുത്തിയതിനേക്കാൾ എട്ടുമടങ്ങാണ് കേരളത്തിന് അനുവദിച്ച തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ബജറ്റിനേക്കാൾ 31 കോടി രൂപയാണ് ഇക്കുറി അധികമായി വകയിരുത്തിയത്.
സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികൾക്കാണ് തുക വകയിരുത്തിയതെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രി വിശദീകരിക്കാൻ തയാറായില്ല. പുതിയ പദ്ധതികളെ സംബന്ധിച്ചും പുതിയ ട്രെയിൻ അനുവദിക്കുന്നതിലും മറുപടിയുണ്ടായില്ല. അതേസമയം, 2014നു ശേഷം സംസ്ഥാനത്ത് 125 കിലോമീറ്റർ പുതിയ റെയിൽവേ പാതകൾ നിർമിച്ചെന്നും വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.114 റയിൽവേ മേൽപാലങ്ങൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നിലപാടനുസരിച്ച് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സർവിസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബജറ്റിൽ പുതുതായി 200 വന്ദേഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ട്രെയിനുകൾ എന്നിവക്കായി തുക അനുവദിച്ചിട്ടുണ്ട്. 250 കിലോമീറ്റർ വരെ ദൂരംവരുന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നമോ ട്രെയിനുകൾ. 16 കോച്ചുകളാണ് ഇതിൽ ഉണ്ടാവുകയെന്നും മന്ത്രി വിശദീകരിച്ചു.