മംഗളൂരു: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കാരണം ആറ് ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രഖ്യാപിച്ചു. ഇത് ബംഗളൂരു-മംഗളൂരു, ബംഗളൂരു-കാർവാർ റൂട്ടുകളിലെ ട്രെയിൻ സർവിസുകളെ അടുത്ത അഞ്ച് മാസത്തേക്ക് സാരമായി ബാധിക്കും. ജൂൺ ഒന്ന് മുതൽ നവംബർ ഒന്ന് വരെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് പാതയിൽ സുരക്ഷ, വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് (16539) മേയ് 31 മുതൽ നവംബർ ഒന്ന് വരെ റദ്ദാക്കും. ഞായറാഴ്ചകളിൽ സർവിസ് നടത്തുന്ന മംഗളൂരു ജങ്ഷൻ-യശ്വന്ത്പുർ വീക്ക്ലി എക്സ്പ്രസ് (16540) ജൂൺ ഒന്ന് മുതൽ നവംബർ രണ്ട് വരെ റദ്ദാക്കും.
ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ ത്രൈവാര എക്സ്പ്രസ് (16575) ജൂൺ ഒന്ന് മുതൽ ഒക്ടോബർ 30 വരെ റദ്ദാക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവിസ് നടത്തുന്ന മംഗളൂരു -യശ്വന്ത്പുർ ത്രൈവാര എക്സ്പ്രസ് ( 16576) ജൂൺ രണ്ട് മുതൽ ഒക്ടോബർ 31 വരെ റദ്ദാക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ -കാർവാർ ത്രൈവാര എക്സ്പ്രസും ( 16515) ഇതേ കാലയളവിൽ റദ്ദാക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഓടുന്ന കാർവാർ- യശ്വന്ത്പുർ ത്രൈവാര എക്സ്പ്രസ് (16516) ജൂൺ മൂന്ന് മുതൽ നവംബർ ഒന്ന് വരെ റദ്ദാക്കും.
ഗോമതേശ്വര എക്സ്പ്രസ്, കാർവാർ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ വീക്ക്ലി സ്പെഷൽ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ അടുത്ത അഞ്ച് മാസത്തേക്ക് റദ്ദാക്കും. ബംഗളൂരുവിനും തീരദേശ മേഖലക്കുമിടയിൽ സർവിസ് നടത്തുന്ന 12 ട്രെയിനുകളിൽ ആറ് എണ്ണം പുർണമായി റദ്ദാവുകയാണ്.