ഡൽഹിയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട്

04:05 PM Jun 21, 2025 | Neha Nair

ഡൽഹി: മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ഡൽഹിയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 20, 21 തീയതികളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും മിന്നലിനും ശക്തമായ കാറ്റിനോടുമൊപ്പം നേരിയതോ മിതമായതോതിലോ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു.

തുടർച്ചയായ മഴയെ തുടർന്ന് ഗുരുഗ്രാം, നോയിഡ, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇടിമിന്നലുള്ളപ്പോൾ വീടിനുള്ളിൽ കഴിയണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന വഴികൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസുമാണെന്ന് ഐഎംഡി പറഞ്ഞു. ജൂൺ 21 ന് താപനില 37 ഡിഗ്രി സെൽഷ്യസ് (പരമാവധി) മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഈർപ്പം 80 ശതമാനത്തിനും 82 ശതമാനത്തിനും ഇടയിലായിരിക്കും.