+

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നേയെത്തിയ കാലർഷത്തിൽ ഇടതടവില്ലാത്ത മഴ തുടരുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അടുത്ത രണ്ടുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ടുദിവസം മുൻപേ എത്തിയ കാലവർഷം 16 വർഷത്തിനു ശേഷമാണ് നേരത്തേ എത്തിയത്.

മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൊങ്കൺ തീരത്തിനുമുകളിൽ രത്‌നഗിരിക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മേയ് 27ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായികേരളത്തിന്റെ വിവിധ തീരപ്രദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതിനിടെ കനത്ത കാറ്റിലും മഴയിലും സംസ്ഥാന വ്യാപകമായി വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

facebook twitter