തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടന്ന പരിപാടിയിൽ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ പ്രസംഗങ്ങളും വിവാദങ്ങളും പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്ന ഗവർണറുടെ ആസ്ഥാനമാണ് രാജ്ഭവൻ. രാജ്ഭവനിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ല. സൈനിക, വിദേശകാര്യ വിദഗ്ധന്മരെ കൊണ്ടു വന്ന് പ്രഭാഷണം നടത്തുന്നതിനോ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച് പറയുന്നതിനോ വിരോധമില്ല.
ആർ.എസ്.എസ് നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ച് വരുത്തി മുൻ കേന്ദ്ര സർക്കാരുകളെയും മുൻ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ രാഷ്ട്രീയ പരാമർശം നടത്തിയത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണം.
ആർ.എസ്.എസ് നേതാവ് രാജ്ഭവനിൽ രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നു. ഈ വിഷയത്തിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.