+

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത ​​​​​​​

പാകിസ്താനിലെ   ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകി . മുന്‍കരുതല്‍ നടപടിയായി കിഷന്‍ഗഡ്, ജോധ്പൂര്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും മെയ് 10 വരെ നിര്‍ത്തിവച്ചു.

പാകിസ്താനിലെ   ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകി . മുന്‍കരുതല്‍ നടപടിയായി കിഷന്‍ഗഡ്, ജോധ്പൂര്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും മെയ് 10 വരെ നിര്‍ത്തിവച്ചു.

പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അംഗന്‍വാടി കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനും ഉത്തരവിട്ടു. ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ഓഫീസുകളിലെത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ നിരീക്ഷണം നടത്താനും പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ആശുപത്രികളിലേക്ക് ആവശ്യമായ രക്തവിതരണ സംവിധാനവും ജീവന്‍ രക്ഷാ മരുന്നുകളും നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഗ്‌നിശമന സേനാംഗങ്ങളും അതീവ ജാഗ്രതയിലാണ്.

ഗംഗാനഗര്‍, ബിക്കാനീര്‍, ഫലോഡി, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ ജില്ലാ കളക്ടര്‍മാരോടും, പ്രത്യേകിച്ച് സൈന്യവുമായും കേന്ദ്ര ഏജന്‍സികളുമായും അടുത്ത ഏകോപനം നിലനിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ധന പമ്പുകളോട് ആവശ്യത്തിന് പെട്രോളും ഡീസലും സംഭരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഏതെങ്കിലും പ്രകോപനപരമായ ഉള്ളടക്കത്തിനോ തെറ്റായ വിവരങ്ങള്‍ക്കോ എതിരെ വേഗത്തില്‍ നടപടിയെടുക്കുക, ഭക്ഷണ വിതരണം നിരീക്ഷിക്കുക, പൂഴ്ത്തിവയ്പ് നിരുത്സാഹപ്പെടുത്തുക, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറാക്കാനും ദുര്‍ബല സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാനും ഈ സ്ഥലങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോധ്പൂരില്‍, ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടി, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് രാത്രി വൈകി അവധി പ്രഖ്യാപിച്ചു. കൂടാതെ, മെയ് 8 ന് നടക്കാനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെയ് 8 മുതല്‍ ബാര്‍മര്‍ ജില്ലാ കളക്ടര്‍ ടിന ദാബി എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജയ്‌സാല്‍മറില്‍, ജില്ലാ കളക്ടര്‍ പ്രതാപ് സിങ് നഥാവത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 


കൂടാതെ, പ്രവര്‍ത്തന സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 4 വരെ ജയ്‌സാല്‍മറില്‍ 4 മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ശ്രീ ഗംഗാനഗര്‍, ബിക്കാനീര്‍ ജില്ലാ കളക്ടര്‍മാരായ ഡോ. മഞ്ജു, നമ്രത വൃഷ്ണി എന്നിവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

facebook twitter