ജയ്‌പുർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
ബസിൽ 57 യാത്രക്കാരുണ്ടായിരുന്നു. യാത്ര ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ബസിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയർന്ന ഉടൻ ഡ്രൈവർ ബസ് നിർത്തിയെങ്കിലും തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. മരിച്ചവരുടെ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചു.
16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ജയ്‌സൽമെറിൽ നിന്ന് ജോധ്പുരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 19 പേർ സംഭവസ്ഥലത്തും ഒരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ എക്‌സിൽ കുറിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടസ്ഥലവും പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. കൂടാതെ ഗവർണർ ഹരിഭൊ ബഗാഡെ, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരും അനുശോചനം അറിയിച്ചു.