കണ്ണൂർ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക പ്രക്ഷോഭത്തിൻറെ ഭാഗമായുള്ള കർഷക പ്രതിഷേധ വാഹന ജാഥയുടെ ഒന്നാം ഘട്ടം 18ന് നടക്കുമെന്ന് ജില്ലാ പ്രസിഡൻറ് ജോസ് പൂമല അറിയിച്ചു. ജോസ് പൂമലയുടെ നേതൃത്വത്തിൽ 18ന് രാവിലെ 9.30ന് ചെറുപുഴയിൽ നിന്നാരംഭിക്കുന്ന വാഹനജാഥ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.
ജാഥാ കോ-ഓർഡിനേറ്റർ എ.ജെ. തോസ് അധ്യക്ഷത വഹിക്കും. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു മുഖ്യപ്രഭാഷണം നടത്തും. കാർഷിക മേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും വന്യമൃഗാക്രമണങ്ങളിൽ നിന്നും വിളകൾക്കും കർഷകർക്കും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ടാണ് വാഹനപ്രചാരണ ജാഥ നടത്തുന്നത്. പുതിയ വനനിയമം ഭേദഗതി ചെയ്യുക, വന്യമൃഗാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, പ്രകൃതി ദുരന്തത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും നഷ്ടം സംഭവിച്ച കർഷകർക്ക് നൽകനുള്ള നഷ്ടപരിഹാരം കൊടുത്തു തീർക്കുക, റബറിന് 300 രൂപ തറവില നിശ്ചച്ച് കർഷകർക്ക് ഇൻസെൻറീവ് നൽകുക, നാളികേര വിലയിടിവ് തടയുക, കർഷക കടാശ്വാസ കമ്മീഷൻ ആനുകൂല്യം എല്ലാ ബാങ്കിൽ നിന്നുമുള്ള വായ്പകൾക്കും ബാധകമാക്കുക, കർഷകർക്ക് ദോഷകരമായ സർഫാസി നിയമം പരിഷ്കരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
കാടുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തതിലും കൂടുതൽ ആനകൾ പെരുകിയതാണ് ആനശല്യം രൂക്ഷമാകാൻ കാരണമെന്നും ഇതിന് ആനകളുടെ പെരുപ്പം തടയാനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ചെറുപുഴയിൽ നിന്നാരംഭിക്കു വാഹന ജാഥ തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പന്തൊട്ടി, ശ്രീകണ്ഠപുരം, ചെന്പേരി, പയ്യാവൂർ, ഉളിക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം ഇരിട്ടിയിൽ സമാപിക്കും. സമാപന സമ്മേളം കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി ജന.സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബൂസ്, ജില്ലാ വൈസ് പ്രസിഡൻറുമാരായഎ.ജെ. തോമസ്, എം.വി. ശിവദാസൻ, ജില്ലാ ജനറൽ സെക്രട്ടറി ജോണി മുണ്ടയ്ക്കൽ, ജാഥാ ജനറൽ കൺവീനർ ബിജു കെ. സാമുവൽ എന്നിവരും പങ്കെടുത്തു.