+

പുറത്തായെങ്കിലും സഞ്ജുവിനും കൂട്ടര്‍ക്കും പോസിറ്റീവായ ചില കാര്യങ്ങളുണ്ട്, ഈ കളിക്കാര്‍ അടുത്ത സീസണില്‍ ടീമില്‍ കാണില്ല

ഐപിഎല്‍ 2025 സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തുകയും എന്നാല്‍ നിരാശപ്പെടുത്തുകയും ചെയ്ത ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീമിന് കേരളത്തില്‍ വമ്പന്‍ ആരാധകരുണ്ട്. കഴിഞ്ഞ ചില സീസണുകളില്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യം ഇക്കുറി ആവര്‍ത്തിക്കാനായില്ല.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തുകയും എന്നാല്‍ നിരാശപ്പെടുത്തുകയും ചെയ്ത ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീമിന് കേരളത്തില്‍ വമ്പന്‍ ആരാധകരുണ്ട്. കഴിഞ്ഞ ചില സീസണുകളില്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യം ഇക്കുറി ആവര്‍ത്തിക്കാനായില്ല.

ഐപിഎല്‍ മെഗാലേലം കഴിഞ്ഞതോടെ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനക്കാരാകും എന്ന് പ്രവചിച്ചവരുണ്ട്. എന്നാല്‍, 4 കളികളില്‍ ജയത്തിന്റെ വക്കില്‍ നിന്നായിരുന്നു തോല്‍വി എന്നതും 9-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു എന്നതും റോയസിനെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ്.

ഐപിഎല്‍ 2025 സീസണിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 6 വിക്കറ്റിന്റെ ജയം ആഘോഷിച്ചാണ് ടീം മടങ്ങുന്നത്. പ്ലേ ഓഫിലെത്താന്‍ സാധിച്ചില്ലെങ്കിലും പോസിറ്റീവായ ചില വശങ്ങള്‍ ടീമിന് അടുത്ത സീസണില്‍ നേട്ടമാക്കാം.

യുവതാരങ്ങളായ വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും ഉള്‍പ്പെടെ ഭാവി ഇന്ത്യയുടെ കളിക്കാരെ ചൂണ്ടിക്കാട്ടാന്‍ റോയല്‍സിന് സാധിച്ചു. വൈഭവ് സൂര്യവംശിയുടെ  പ്രകടനവും ധ്രുവ് ജുറേലിന്റെ അവസാന ഓവറുകളിലെ ബാറ്റിങ്ങും കാണാതിരുന്നുകൂടാ. ജുറേല്‍ ചില കളികളില്‍ തോല്‍വിക്ക് കാരണമായി എന്ന വിമര്‍ശനമുണ്ടെങ്കിലും ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ് യുവതാരം.

യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ എന്നിവരടങ്ങുന്ന ബാറ്റിങ് സംഘം അടുത്ത സീസണിലും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഈ കളിക്കാരെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല.

ടൂര്‍ണമെന്റിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ പോസിറ്റീവ്, വൈഭവ് സൂര്യവംശിയുടെ 38 പന്തില്‍ 101 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. കാരണം ഇത് 14 വയസ്സുള്ള ഒരു താരത്തിന്റെ അസാധാരണ കഴിവിനെ മാത്രമല്ല, യുവ പ്രതിഭകളെ പിന്തുണയ്ക്കാനുള്ള ടീമിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.

യശസ്വി ജയ്‌സ്വാളിന്റെ സ്ഥിരതയും വൈഭവിന്റെ വെടിക്കെട്ടും മിക്ക കളികളിലും ബാറ്റിംഗ് നിരയ്ക്ക് ശക്തമായ അടിത്തറ നല്‍കി, റിയാന്‍ പരാഗിന്റെ ഓള്‍-റൗണ്ട് പ്രകടനവും വേറിട്ട് നില്‍ക്കുന്നു. ബൗളിംഗ് യൂണിറ്റിന്റെ സ്ഥിരതയില്ലായ്മാണ് ടീമിനെ നിരാശപ്പെടുത്തിയത്. അടുത്ത സീസണില്‍ ബൗളിംഗ് ശക്തിപ്പെടുത്തിയാല്‍, ആര്‍ആറിന് പ്ലേഓഫ് ലക്ഷ്യം യാഥാര്‍ത്ഥ്യമാകും.

ശ്രീലങ്കന്‍ സ്പിന്നര്‍മാരായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ, പേസ് ബൗളര്‍മാരായ തുഷാര്‍ ദേശ്പാണ്ഡെ, യുധ്വീര്‍ സിങ്, ഫസല്‍ഹഖ് ഫാറൂഖി തുടങ്ങിയവര്‍ അടുത്ത സീസണില്‍ ടീമില്‍ കാണില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. മറ്റു ബൗളര്‍മാരിലും കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും. ബാറ്റര്‍മാരില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്കും സ്ഥാനം നഷ്ടമാകാനാണ് സാധ്യത. മികച്ച ഫിനിഷര്‍മാരേയും ഓള്‍റൗണ്ടര്‍മാരേയും ബൗളര്‍മാരേയും ലക്ഷ്യമിട്ടാകും റോയല്‍സ് അടുത്ത സീസണില്‍ ലേലത്തിനെത്തുക.

facebook twitter